പാരീസ്: റഷ്യന്‍ ലോകകപ്പില്‍ മുത്തമിട്ടതോടെ ഫ്രഞ്ചു ടീം ഒന്നടങ്കം ആഘോഷ ലഹരിയിലാണ്. എന്നാല്‍ ഫ്രാന്‍സ് വിജയം ആഘോഷിക്കുമ്പോള്‍ ട്രോഫിയില്‍ ഒന്നു തൊടാന്‍ പോലും മടിച്ചു നിന്നൊരു താരമുണ്ടായിരുന്നു, എന്‍ഗോളോ കാന്റെ. കളിക്കളത്തിന് പുറത്ത് പ്രത്യക്ഷപ്പെടാത്ത പൊതുവേ നാണംകുണിങ്ങിയായ കാന്റെ ടീമിന്റെ ഒരു അദൃശ്യ പോരാളിയായിരുന്നു.
ഗ്രിസ്മാനും കിലിയന്‍ എംബാപെയും ഒലിവര്‍ ജിറൂദും സധൈര്യം എതിര്‍ഹാഫിലേക്ക് കയറിക്കളിച്ചത് ഹാഫ് ലൈനില്‍ ഏത് പന്തും കാന്റെ ക്ലിയര്‍ ചെയ്യും എന്ന ഉറപ്പുള്ളതു കൊണ്ടാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എതിര്‍ ടീമുകളുടെ നീക്കത്തിന്റെ മുനയൊടിക്കുന്നതില്‍ മിടുക്കനാണ് കാന്റെ. അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ കുതിപ്പിന് പലപ്പോഴും വിലങ്ങുതടിയായതും കാന്റെയാണ്.
കിരീടവുമായി ഫ്രാന്‍സ് സ്വന്തം നാട്ടിലെത്തിയപ്പോള്‍ ആ അദൃശ്യപോരാളിയെ സഹതാരങ്ങള്‍ ചേര്‍ന്ന് പ്രശംസ കൊണ്ട്മൂടി. ടീമിന്റെ നെടുംതൂണായ കാന്റെയ്ക്ക് വ്യത്യസ്തമായ സമ്മാനമാണ് ടീം ഒരുക്കിയത്. പാട്ട് പാടിയാണ് കാന്റെയോടുള്ള ഇഷ്ടം അവര്‍ പ്രകടിപ്പിച്ചത്. പോഗ്‌ബേയാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായ പാട്ട് പാടിയത്.
“ഓ കാന്റെ, പ്രിയപ്പെട്ടവനേ, മെസ്സിയെ പിടിച്ചുകെട്ടിയവനെ…” എന്നിങ്ങനെ നീളുന്നതായിരുന്നു പോഗ്ബയുടെ പാട്ടിലെ വരികള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴായിരുന്നു കാന്റെയ്ക്ക് പാട്ട് പാടി മനോഹരമായ സമ്മാനം സഹതാരങ്ങള്‍ നല്‍കിയത്.
സഹതാരങ്ങളും പരിശീലകന്‍ ദെഷാംപ്സും പോഗ്ബയുടെ പാട്ട് ഏറ്റുപാടി. കൂട്ടുകാരുടെ സ്‌നേഹത്തിന് പതിവു പോലെ നിറഞ്ഞ ചിരിയാണ് കാന്റെ തിരിച്ചുനല്‍കിയത്.
കാന്റെയ്ക്ക് നല്‍കിയ സമ്മാനത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.