ക്രിക്കറ്റ് ലെജന്റായി തപ്‌സി പന്നു; ആവേശം കൊള്ളിച്ച് ശബാഷ് മിഥു ട്രെയ്‌ലര്‍
Film News
ക്രിക്കറ്റ് ലെജന്റായി തപ്‌സി പന്നു; ആവേശം കൊള്ളിച്ച് ശബാഷ് മിഥു ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 12:54 pm

ലോകക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം സിനിമയാവുന്ന ശബാഷ് മിഥുവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മിതാലിയുടെ ബാല്യകാലം മുതല്‍ ഇന്ത്യന്‍ ടീമിലെത്തുന്നത് വരെയുള്ള വെല്ലുവിളികളും വേദനയുമെല്ലാം ഹൃദയ സ്പര്‍ശിയായി കാണിക്കുന്ന ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്.

വയാകോം 18 സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നത്. തപ്‌സി പന്നുവാണ് മിതാലിയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിയാകോം 18 സ്റ്റുഡിയോസാണ് നിര്‍മാണം. ചിത്രം ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും. സൗരവ് ഗാംഗുലിയും ട്രെയ്ലര്‍ പങ്കുവച്ചിട്ടുണ്ട്. ‘ഗേള്‍ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ് ഗാംഗുലി ട്രെയ്ലര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഈ വര്‍ഷം ജൂണ്‍ എട്ടിനാണ് ഇരുപത്തിമൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടത്തോടെ ആണ് മിതാലി രാജ് വിരമിച്ചത്. 232 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവര്‍ 50.68 ശരാശരിയില്‍, 7805 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ നിന്ന്, 43.68 ശരാശരിയില്‍ 699 റണ്‍സാണ് മിതാലി അടിച്ചു കൂട്ടിയത്. 89 ടി-20യില്‍ നിന്ന് 2364 റണ്‍സും അവര്‍ നേടിയിട്ടുണ്ട്.

1999 ല്‍ അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യന്‍ വനിതാ ബാറ്റ്സ്‌കോയിലെ ഏറ്റവും മികച്ച താരമാണ്. രണ്ട് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. നിലവില്‍ മുപ്പത്തി ഏഴ് വയസ്സുള്ള മിതാലി രാജ് ഏകദിന ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയാണ്.

Content Highlight: World cricket legend Mithali Raj’s life to be made into a movie Shabash Mithu’s trailer released