| Monday, 18th November 2013, 6:57 pm

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഏഴാം ഗെയിം സമനിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ലോക ചെസ്  ചാംമ്പ്യന്‍ഷിപ്പിലെ ഏഴാം മത്സരത്തില്‍  ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും എതിരാളി മാഗ്‌നസ് കാള്‍സണും സമനിലയില്‍ പിരിഞ്ഞു.

32 നീക്കത്തിനെടുവിലാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ട് നില്‍ക്കുന്ന കാള്‍സന്റെ പോയന്റ് 4.5 ആയി . ആനന്ദിന് രണ്ടര പോയന്റാണുള്ളത്.

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വെളുത്ത കരുക്കളുമായി കളി തുടങ്ങിയ ആനന്ദിന് പക്ഷെ ആ ആനുകൂല്യം മുതലാക്കാനായില്ല. ആനന്ദിന്റെ നീക്കങ്ങള്‍ സമര്‍ത്ഥമായി നേരിട്ട്  കാള്‍സണ്‍ മത്സരം സമനിലയിലവസാനിപ്പിക്കുകയായിരുന്നു.

പന്ത്രണ്ട് മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത് . ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും.

ചാംമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലവസാനിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ആനന്ദിനെ കാള്‍സണ്‍ അടിയറവ് പറയിക്കുകയായിരുന്നു.

പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more