വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിരീബിയന്‍സ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ തകര്‍ത്തുവിട്ടത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്തും ആറ് വിക്കറ്റും ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ നീല്‍ മെക്കന്‍സിയെ ഡയമണ്ട് ഡക്കായി നഷ്ടപ്പെട്ടാണ് പ്രോട്ടിയാസ് തുടങ്ങിയത്.
ടീം സ്‌കോര്‍ 50 കടക്കും മുമ്പ് തന്നെ ക്യാപ്റ്റന്‍ ജാക് കാല്ലിസും വിക്കറ്റ് കീപ്പര്‍ റിച്ചാര്‍ഡ് ലെവിയും മടങ്ങി. കാല്ലിസ് 21 പന്തില്‍ 18 റണ്‍സടിച്ചപ്പോള്‍ 14 പന്തില്‍ 20 റണ്‍സ് നേടിയാണ് ലെവി പുറത്തായത്.
നാലാം വിക്കറ്റില്‍ ജെ.പി. ഡുമ്‌നിയെ ഒപ്പം കൂട്ടി ആഷ്വല്‍ പ്രിന്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ഡുമ്‌നിയെ ക്ലീന്‍ ബൗള്‍ഡാക്കി പ്രോട്ടിയാസിന് ആശ്വാസം നല്‍കിയ ആ കൂട്ടുകെട്ട് ജേസണ്‍ മുഹമ്മദ് തകര്‍ത്തു. 25 പന്തില്‍ 23 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്. പിന്നാലെയെത്തിയ ജസ്റ്റിന്‍ ഓണ്‍ടോങ് 11 റണ്ണെടുത്ത് മടങ്ങി.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
പ്രിന്‍സിനൊപ്പം ആറാം വിക്കറ്റില്‍ ഡെയ്ന്‍ വിലസെത്തിയതോടെ സൗത്ത് ആഫ്രിക്ക വീണ്ടും സ്‌കോര്‍ പടുത്തുയര്‍ത്തി. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സുമായി പ്രോട്ടിയാസ് പോരാട്ടം അവസാനിപ്പിച്ചു.
പ്രിന്‍സ് 35 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് വിലസ് നേടിയത്. മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 258.82 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
വിന്‍ഡീസിനായി ജേസണ്‍ മുഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാമുവല്‍ ബദ്രീ ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് പ്രോട്ടിയാസ് താരങ്ങള്‍ കരണ്‍ ഔട്ടായാണ് മടങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കമാണ് ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ സ്മിത്തും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ സ്മിത്തിനെ പുറത്താക്കി മക്കെന്‍സി ആദ്യ ബ്രേക് ത്രൂ നേടി. 24 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ ചാഡ്വിക് വാള്‍ടണ്‍ കൂടുതല്‍ അപകടകാരിയായി. ഗെയ്‌ലിനൊപ്പം ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളും സിക്‌സറും നേടി താരം സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
രണ്ടാം വിക്കറ്റില്‍ 59റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് പടുത്തുയര്‍ത്തി മുന്നേറവെ ഗെയ്‌ലിനെ പ്രോട്ടിയാസ് മടക്കി. 40 പന്തില്‍ 70 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 175.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയ ജോനാഥന്‍ കാര്‍ട്ടറും ആഷ്‌ലി നേഴ്‌സും വളരെ വേഗം മടങ്ങിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന വാള്‍ടണ്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 29പന്തില്‍ പുറത്താകാതെ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് സിക്‌സറും മൂന്ന് ഫോറുമാണ് താരം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയമാണിത്. സൗത്ത് ആഫ്രിക്കക്ക് ഇനിയും ജയിക്കാന്‍ സാധിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സാണ് എതിരാളികള്‍.
Also Read: ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം
Content highlight: World Championship of Legends: West Indies Champions defeated South Africa Champions