വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ റൗണ്ടിലെ അവസാന ഘട്ട മത്സരം കളിക്കാന്‍ ഇന്ത്യ ചാമ്പ്യന്‍സ് ഇന്നിറങ്ങുന്നു. നോര്‍താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍.
ടൂര്‍ണമെന്‍നിന്റെ സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ടൂര്‍ണമെന്റില്‍ കളിച്ച ആദ്യ രണ്ട് മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ചാമ്പ്യന്‍സ് അടുത്ത രണ്ട് മത്സരത്തിലും പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് ചാമ്പ്യന്‍സിനോടും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനോടും വിജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനോടും ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനോടും പരാജയപ്പെട്ടു.
ഒരുവേള പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
നിലവില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയുമാണ് സെമിക്ക് യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് നിലവില്‍ സെമി സാധ്യതകള്‍ വെച്ചുപുലര്‍ത്തുന്നത്. വിന്‍ഡീസ് മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുമ്പോള്‍ ആറാമതാണ് പ്രോട്ടിയാസ്.
അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഇതിനോടകം പുറത്തായിക്കഴിഞ്ഞു.
ഇന്ന് സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാലും ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം. കാരണം പ്രോട്ടിയാസിന്റെ നെറ്റ് റണ്‍ റേറ്റ് അത്രത്തോളം മോശമാണ്. – 2.439 എന്ന നെറ്റ് റണ്‍റേറ്റാണ് സൗത്ത് ആഫ്രിക്കക്കുള്ളത്.
കളിച്ച നാല് മത്സരത്തില്‍ നിന്നും ഒരു ജയം മാത്രമാണ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. ഈ ജയം പിറന്നതാകട്ടെ ടേബിള്‍ ടോപ്പേഴ്‌സായ പാകിസ്ഥാനെതിരെയും.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഷര്‍ജീല്‍ ഖാന്റെയും ഷോയ്ബ് മാലിക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഷര്‍ജീല്‍ ഖാന്‍ 36 പന്തില്‍ 72 റണ്‍സ് നേടി. ആറ് സിക്സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 26 പന്തില്‍ 51 റണ്‍സാണ് മാലിക് സ്വന്തമാക്കിയത്.
ഇവര്‍ക്ക് പുറമെ അബ്ദുള്‍ റസാഖ് (15 പന്തില്‍ പുറത്താകാതെ 25), ഷോയബ് മഖ്സൂദ് (24 പന്തില്‍ 24) ഷാഹിദ് അഫ്രിദി (10 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഇവരുടെ കരുത്തില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 210 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് സൂപ്പര്‍ താരം ജീന്‍ പോള്‍ ഡുമ്നിയെ ഒമ്പത് റണ്‍സിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ജാക്വസ് സ്നൈമെനും സറെല്‍ ഇര്‍വീയും ചേര്‍ന്ന് പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിച്ചു. 187 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയത്.
സ്നൈമന്‍ 47 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. അഞ്ച് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ടാണ് ഇര്‍വീ തിളങ്ങിയത്. 57 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് താരം നേടിയത്. ആകാശം തൊട്ട ആറ് സിക്സറും 11 ബൗണ്ടറിയുമാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇന്ത്യക്കും സെമി ഫൈനലിനും മുമ്പില്‍ നില്‍ക്കുന്നത് – 2.439എന്ന നെറ്റ് റണ്‍റേറ്റാണ്. തോറ്റാലും നാണംകെട്ട തോല്‍വി ഒഴിവാക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് സെമി ഫൈനല്‍ കളിക്കാന്‍ സാധിക്കും.