വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ സെമി ഫൈനലിന് യോഗ്യത നേടി ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനോട് പരാജയപ്പെട്ടതിന് ശേഷവും പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തുടരാന്‍ സാധിച്ചതിന് പിന്നാലെയാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയതോടെ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്.
പ്രോട്ടിയാസിനെതിരായ മത്സരത്തില്‍ 54 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് വഴങ്ങേണ്ടി വന്നത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ജാക്വസ് സ്‌നൈമാന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാര്‍ഡ് ലെവിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. സ്‌നൈമന്‍ 43 പന്തില്‍ 73 റണ്‍സ് നേടി. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 169.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
25 പന്തില്‍ 60 റണ്‍സ് അടിച്ചെടുത്താണ് റിച്ചാര്‍ഡ് ലെവി തിളങ്ങിയത്. അഞ്ച് വീതം സിക്‌സറും ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 240.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രോട്ടിയാസ് സൂപ്പര്‍ താരത്തിന്റെ പ്രകടനം.
ഇവര്‍ക്ക് പുറമെ ഓപ്പണര്‍ റയാന്‍ മക്ലാറന്‍ (13 പന്തില്‍ 20), ക്യാപ്റ്റന്‍ ജാക് കാല്ലിസ് (12 പന്തില്‍ 17) എന്നിവരും തകര്‍ത്തടിച്ചതോടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന നിലയില്‍ സൗത്ത് ആഫ്രിക്ക ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇന്ത്യക്കായി ഹര്‍ഭജന്‍ സിങ് ഫോര്‍ഫര്‍ നേടി. നാല് ഓവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങിയാണ് ടര്‍ബനേറ്റര്‍ നാല് വിക്കറ്റ് നേടിയത്. മക്ലാറന്‍, റിച്ചാര്‍ഡ് ലെവി, റോറി ക്ലീന്‍വെല്‍ഡ്, ഡെയ്ന്‍ വിലസ് എന്നിവരുടെ വിക്കറ്റാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
ഹര്‍ഭജന് പുറമെ യുസുഫ് പത്താന്‍, പവന്‍ നേഗി, വനിയ് കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പ്രോട്ടിയാസ് എതിരാളികളെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. റോബിന്‍ ഉത്തപ്പ (10 പന്തില്‍ 23), നമന്‍ ഓജ (ഏഴ് പന്തില്‍ അഞ്ച്), അംബാട്ടി റായിഡു (ആറ് പന്തില്‍ രണ്ട്), ക്യാപ്റ്റന്‍ യുവരാജ് സിങ് (അഞ്ച് പന്തില്‍ അഞ്ച്) എന്നിവരെ ഇന്ത്യക്ക് വേഗം തന്നെ നഷ്ടമായി.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ യൂസുഫ് പത്താന്‍ ഒരുവശത്ത് ഉറച്ചുനിന്നതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചു. താരത്തിന്റെ ബാറ്റില്‍ നിന്നും വീണ്ടും ഒരു അര്‍ധ സെഞ്ച്വറി പിറന്നു. 44 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. നാല് ഫോറും രണ്ട് സിക്‌സറുമാണ് പത്താന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
യൂസുഫ് പത്താനൊപ്പം ഇര്‍ഫാന്‍ പത്താനും വെടിക്കെട്ടിന് തിരികൊളുത്തി. 21 പന്ത് നേരിട്ട് 35 റണ്‍സടിച്ചാണ് ഇര്‍ഫാന്‍ മടങ്ങിയത്. നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ പേസറുടെ ഇന്നിങ്‌സ്.
ആറാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 55 റണ്‍സാണ് ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പ്. ഇന്ത്യന്‍ നിരയിലെ ഏക 50+ കൂട്ടുകെട്ടും ഇത് മാത്രമാണ്.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
പക്ഷേ വിജയത്തിന് ഇതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 156 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
സൗത്ത് ആഫ്രിക്കക്കായി വെര്‍നോണ്‍ ഫിലാണ്ടര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍, ചാള്‍ ലാങ്വെല്‍ഡ്, ജാക്വസ് സ്‌നൈമന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മത്സരം ജയിച്ചെങ്കിലും സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
സെമിയില്‍ കടന്ന ഇന്ത്യയെയും വിന്‍ഡീസിനെയും പോലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടാന്‍ സാധിച്ചെങ്കിലും ആദ്യ മത്സരങ്ങളിലെ വമ്പന്‍ പരാജയങ്ങളാണ് പ്രോട്ടിയാസിന് വിനയായത്.
നാളെയാണ് ടൂര്‍ണമെന്റിന്റെ സെമി പോരാട്ടങ്ങള്‍. ആദ്യ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ചാമ്പ്യന്‍സാണ് ഇന്ത്യ ചാമ്പ്യന്‍സിന്റെ എതിരാളികള്‍. നോര്‍താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും വേദിയാകുന്നത്.
Content Highlight: World Championship of Legends: India Champions advances to Semi Finals