സെഞ്ച്വറി, പാകിസ്ഥാനെ ചതച്ചരച്ച കൊടുങ്കാറ്റ്; ഒറ്റ മത്സരം പോലും ജയിക്കാതിരുന്നവരാ, ഇപ്പോള്‍ അടിച്ചെടുത്തത് 210
Sports News
സെഞ്ച്വറി, പാകിസ്ഥാനെ ചതച്ചരച്ച കൊടുങ്കാറ്റ്; ഒറ്റ മത്സരം പോലും ജയിക്കാതിരുന്നവരാ, ഇപ്പോള്‍ അടിച്ചെടുത്തത് 210
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 8:39 am

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ തകര്‍പ്പന്‍ വിജയവുമായി സൗത്ത് ആഫ്രിക്ക. കഴിഞ്ഞ ദിവസം നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ ജയമാണിത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഷര്‍ജീല്‍ ഖാന്റെയും ഷോയ്ബ് മാലിക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഷര്‍ജീല്‍ ഖാന്‍ 36 പന്തില്‍ 72 റണ്‍സ് നേടി. ആറ് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 26 പന്തില്‍ 51 റണ്‍സാണ് മാലിക് സ്വന്തമാക്കിയത്.

ഇവര്‍ക്ക് പുറമെ അബ്ദുള്‍ റസാഖ് (15 പന്തില്‍ പുറത്താകാതെ 25), ഷോയബ് മഖ്‌സൂദ് (24 പന്തില്‍ 24) ഷാഹിദ് അഫ്രിദി (10 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഇവരുടെ കരുത്തില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 210 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

സൗത്ത് ആഫ്രിക്കക്കായി ഡെയ്ല്‍ സ്റ്റെയ്ന്‍, വെര്‍നോണ്‍ ഫിലാണ്ടര്‍, ചാള്‍ ലാങ്വെല്‍ഡ്, ഇമ്രാന്‍ താഹിര്‍ ഇന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സ്‌റ്റെയ്ന്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ 4.8 എന്ന മികച്ച എക്കോണമിയില്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഇമ്രാന്‍ താഹിര്‍ പന്തെറിഞ്ഞത്.

ടൂര്‍ണമെന്റില്‍ ഇതുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത സൗത്ത് ആഫ്രിക്കക്കെതിരെ പാകിസ്ഥാന്‍ വീണ്ടും വിജയം നേടും എന്ന് കരുതിയവരെ ഒന്നടങ്കം ഞെട്ടിച്ചാണ് പ്രോട്ടിയാസ് ടോപ് ഓര്‍ഡര്‍ തകര്‍ത്തടിച്ചത്.

സൂപ്പര്‍ താരം ജീന്‍ പോള്‍ ഡുമ്‌നിയെ ഒമ്പത് റണ്‍സിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ജാക്വസ് സ്‌നൈമെനും സറെല്‍ ഇര്‍വീയും ചേര്‍ന്ന് പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിച്ചു. 187 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയത്.

സ്‌നൈമന്‍ 47 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ടാണ് ഇര്‍വീ തിളങ്ങിയത്. 57 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് താരം നേടിയത്. ആകാശം തൊട്ട ആറ് സിക്‌സറും 11 ബൗണ്ടറിയുമാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് കരകയറാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചിട്ടില്ല. സെമി ഫൈനലിന് മുമ്പ് ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും -2.439എന്ന നെറ്റ് റണ്‍ റേറ്റാണ് പ്രോട്ടയാസിന് മുമ്പില്‍ പ്രതിബന്ധമായി നില്‍ക്കുന്നത്.

ജൂലൈ 10നാണ് ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയുടെ അതുട്ട മത്സരം. ഇന്ത്യ ചാമ്പ്യന്‍സാണ് എതിരാളികള്‍.

 

Content highlight: World Championship of Legends 2024: South Africa Champions defeated Pakistan Champions