| Thursday, 11th July 2024, 9:38 am

വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലിന് കളമൊരുങ്ങുന്നു; യുവരാജും അഫ്രിദിയും നേര്‍ക്കുനേര്‍ എത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം സെമിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയ നാലാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടും.

ഓസ്‌ട്രേലിയയും പാകിസ്ഥാനും കളിച്ച അഞ്ച് മത്സരത്തില്‍ നാലെണ്ണത്തിലും വിജയിച്ചപ്പോള്‍ അഞ്ചില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് വിന്‍ഡീസിനും ഇന്ത്യക്കും വിജയിക്കാന്‍ സാധിച്ചത്.

സെമി ഫൈനല്‍ ലൈന്‍ അപ്പിന് പിന്നാലെ മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ ഫൈനലിന് കൂടി കളമൊരുങ്ങുകയാണ്. ഇരു ടീമുകളും സെമി ഫൈനലില്‍ വിജയിച്ചാല്‍ എഡ്ജ്ബസാറ്റണിലെ ഫൈനലില്‍ തീ പാറുമെന്നുറപ്പാണ്.

നേരത്തെ, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയും പാകിസ്ഥാനുമേറ്റുമുട്ടിയപ്പോള്‍ വിജയം പാകിസ്ഥാന്റെ ഭാഗത്തായിരുന്നു. 68 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്.

പാക് പട ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഓസ്‌ട്രേലിയയെയാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കങ്കാരുക്കളും ഇന്ത്യയെ തോല്‍പിച്ചിരുന്നു. ജൂലൈ എട്ടിന് നോര്‍താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് കങ്കാരുപ്പട ഇന്ത്യയെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡാനിയല്‍ ക്രിസ്റ്റിയന്റെ അര്‍ധ സെഞ്ച്വറിയുടെയും ഷോണ്‍ മാര്‍ഷിന്റെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തിനും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199റണ്‍സ് നേടി. ക്രിസ്റ്റിയന്‍ 33 പന്തില്‍ 69റണ്‍സടിച്ചപ്പോള്‍ 27 പന്തില്‍ 41 റണ്‍സാണ് മാര്‍ഷ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യൂസുഫ് പത്താന്റെ വെടിക്കെട്ടില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. 48 പന്തില്‍ 78 റണ്‍സാണ് പത്താന്‍ അടിച്ചെടുത്തത്.

ഈ രണ്ട് തോല്‍വിക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യം കൂടിയാണ് സെമിയിലും ഫൈനലിലും ഇന്ത്യക്ക് മുമ്പിലുള്ളത്. രണ്ട് ജയമകലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ പ്രഥമ ജേതാക്കള്‍ എന്ന നേട്ടവും ഇന്ത്യ ചാമ്പ്യന്‍സിനെ കാത്തിരിക്കുന്നുണ്ട്.

Content Highlight: World Championship of Legends 2024: Semi Final Matches

We use cookies to give you the best possible experience. Learn more