തോല്‍വിയറിയാതെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, ഇന്ത്യക്ക് പിന്നാലെ ഇംഗ്ലണ്ടും വീണു; ഒന്നാമത് തന്നെ
Sports News
തോല്‍വിയറിയാതെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, ഇന്ത്യക്ക് പിന്നാലെ ഇംഗ്ലണ്ടും വീണു; ഒന്നാമത് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 11:02 am

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കളിച്ച് നാല് മത്സരത്തില്‍ നാലിലും ജയിച്ച് എട്ട് പോയിന്റോടെയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 79റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 17 ഓവറില്‍ 117 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യക്കെതിരെ പുറത്തെടുത്ത ഡോമിനന്‍സ് ആദ്യ വിക്കറ്റില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഷര്‍ജീല്‍ ഖാനും കമ്രാന്‍ അക്മലും വളരെ പെട്ടെന്ന് മടങ്ങി.

എന്നാല്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഷോയ്ബ് മഖ്‌സൂദും നാലാമനായി എത്തിയ ഷോയ്ബ് മാലിക്കും വെടിക്കെട്ടിന് തുടക്കമിട്ടു. മഖ്‌സൂദ് 44 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ 51 റണ്‍സാണ് ഷോയ്ബ് മാലിക് നേടിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് 14 പന്തില്‍ 23 റണ്‍സടിച്ചപ്പോള്‍ ഒമ്പത് പന്തില്‍ 20 റണ്‍സുമായി അബ്ദുള്‍ റസാഖും തിളങ്ങി.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് മീകര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് സ്‌കോഫീല്‍ഡും ഡാരന്‍ മാഡിയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സിന് കെവിന്‍ പീറ്റേഴ്‌സണെ തുടക്കത്തിലേ നഷ്ടമായി. ഏഴ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കെ ആമില്‍ യാമിനാണ് താരത്തെ മടക്കിയത്.

മൂന്നാം നമ്പറിലെത്തിയ ഇയാന്‍ ബെല്ലിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ഫില്‍ മസ്റ്റാര്‍ഡിന്റെ ശ്രമവും അധികനേരം ഫലം കണ്ടില്ല. 11 പന്തില്‍ 11 റണ്‍സുമായി ബെല്‍ പുറത്തായി.

ടീം സ്‌കോര്‍ 63ല്‍ നില്‍ക്കവെ മസ്റ്റാര്‍ഡും 75ല്‍ നില്‍ക്കവെ കെവിന്‍ ഒ ബ്രയനും പുറത്തായതോടെ ഇംഗ്ലണ്ട് നിര പരുങ്ങി. മസ്റ്റാര്‍ഡ് 17 പന്തില് 30 റണ്‍സടിച്ചപ്പോള്‍ 17 പന്തില്‍ 24 റണ്‍സാണ് ഒ ബ്രയന്‍ സ്വന്തമാക്കിയത്.

പിന്നാലെയെത്തിയവരില്‍ അലി ബ്രൗണ്‍ ഒഴികെ മറ്റെല്ലാവരും ഒറ്റയക്കത്തിന് മടങ്ങിയതോടെ ഇംഗ്ലണ്ട് 117ന് പുറത്തായി.

പാകിസ്ഥാനായി സയീദ് അജ്മല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അബ്ദുള്‍ റസാഖ് രണ്ട് വിക്കറ്റും നേടി. സൊഹൈല്‍ ഖാന്‍, ആമിര്‍ യാമിന്‍, ഷോയ്ബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.

ഈ വിജയത്തിന് പിന്നാലെ സെമി സാധ്യതകള്‍ സജീവമാക്കാനും പാകിസ്ഥാനായി.

ചൊവ്വാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്റെ അവസാന മത്സരം. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍.

 

 

Also Read: ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം

 

Also Read: ‘അവര്‍ ലോകചാമ്പ്യന്‍മാരാണ്, വൈകിയാലും ലോകചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും’; തോല്‍വി അംഗീകരിച്ച് റാസ

Content highlight: World Championship of Legends 2024: Pakistan Champions defeated England Champions