ഇന്ത്യ കപ്പടിച്ച 2007 ലോകകപ്പില്‍ കണ്ട അതേ ഐറ്റം; എന്തൊരു പെര്‍ഫെക്ഷനാടോ! പ്രായം കൂടും തോറും മൂര്‍ച്ച കൂടി വരുന്ന ഐറ്റം; വീഡിയോ
Sports News
ഇന്ത്യ കപ്പടിച്ച 2007 ലോകകപ്പില്‍ കണ്ട അതേ ഐറ്റം; എന്തൊരു പെര്‍ഫെക്ഷനാടോ! പ്രായം കൂടും തോറും മൂര്‍ച്ച കൂടി വരുന്ന ഐറ്റം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 12:12 pm

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടമണിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തുകൊണ്ടായിരുന്നു പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിനെത്തിയത്. സെമിയില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ യൂനിസ് ഖാന്റെ കരുത്തിനെ തന്നെയായിരുന്നു ഫൈനലിലും പാക് ആരാധകര്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍ ഫൈനലില്‍ തിളങ്ങാന്‍ പാക് ഇതിഹാസത്തിന് സാധിച്ചിരുന്നില്ല. 11 പന്ത് നേരിട്ട് ഒറ്റ ഫോറോ സിക്‌സറോ പോലും നേടാന്‍ സാധിക്കാതെ വെറും ഏഴ് റണ്‍സിനാണ് താരം പുറത്തായത്.

12ാം ഓവറിലെ മൂന്നാം പന്തിലാണ് യൂനിസ് ഖാന്‍ പുറത്തായത്. പിച്ച് ചെയ്ത ശേഷം സ്വിങ് ചെയ്‌തെത്തിയ പന്തിനെ ഡിഫന്‍ഡ് ചെയ്യാന്‍ ഖാന്‍ ശ്രമിച്ചെങ്കിലും പാക് നായകന് അതിന് സാധിച്ചില്ല. പത്താന്‍ തൊടുത്തുവിട്ട ബുള്ളറ്റില്‍ വിക്കറ്റ് നഷ്ടമായതിന്റെ സകല നിരാശയും വ്യക്തമാക്കിയാണ് യൂനിസ് ഖാന്‍ കളം വിട്ടത്.

വിക്കറ്റ് നേടിയതിന് പിന്നാലെ ഇര്‍ഫാന്‍ പത്താന്റെ അഗ്രസ്സീവ് സെലിബ്രേഷനും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഇതാദ്യമായല്ല പത്താന്‍ ഇത്തരത്തില്‍ യൂനിസ് ഖാനെ പുറത്താക്കുന്നത്. 2007 ടി-20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യ പാകിസ്ഥാനെ ബോള്‍ ഔട്ടില്‍ പരാജയപ്പെടുത്തിയ മത്സരത്തില്‍ പാക് സൂപ്പര്‍ താരത്തെ പുറത്താക്കിയതും ഇര്‍ഫാന്‍ പത്താന്‍ തന്നെയായിരുന്നു. എട്ട് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് പത്താന്‍ താരത്തെ പുറത്താക്കിയത്.

അതേസമയം, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.

അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷര്‍ജീല്‍ ഖാനെ നഷ്ടമായെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ചെറുത്തുനിന്നു.

ഷോയ്ബ് മഖ്സൂദ് 12 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കമ്രാന്‍ അക്മല്‍ 19പന്തില്‍ 24 റണ്‍സും നേടി. 36 പന്തില്‍ 41 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സറാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ സൊഹൈല്‍ തന്‍വീറാണ് പാകിസ്ഥാന്റെ മറ്റൊരു റണ്‍ ഗെറ്റര്‍. ഒമ്പത് പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് താരം നേടിയത്. രണ്ട് ഫോറും ഒരു സിക്സറും തന്‍വീര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മൂന്നാം ഓവറിലെ നാലാം പന്തില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന റോബിന്‍ ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായി. ആമേര്‍ യാമിന്റെ പന്തില്‍ സൊഹൈല്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ സുരേഷ് റെയ്ന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.

View this post on Instagram

A post shared by FanCode (@fancode)

എന്നാല്‍ പിന്നാലെയെത്തിയ ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ കരുത്തില്‍ അഞ്ച് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

 

 

Content highlight: World Championship of Legends 2024: Irfan Pathan dismissed Yunis Khan