വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം സെമിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയ നാലാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടും.
കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയം വീതം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയയും പാകിസ്ഥാനും സെമി ഫൈനലിലേക്ക് മുന്നേറിയത്. ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരുവരെയും തമ്മില്‍ വേര്‍തിരിക്കുന്നത്.
അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് മൂന്നാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനും നാലാം സ്ഥാനത്തുള്ള ഇന്ത്യ ചാമ്പ്യന്‍സിനുമുള്ളത്.
ഒരുവേള പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. എന്നാല്‍ തുടര്‍പരാജയങ്ങള്‍ ടീമിനെ താഴേക്ക് തള്ളിയിട്ടു. ആദ്യ രണ്ട് മത്സരത്തിലും തോറ്റ ക്രിസ് ഗെയ്‌ലും സംഘവും മൂന്ന്, നാല് മത്സരങ്ങളില്‍ വിജയിച്ചാണ് സെമി യോഗ്യത നേടിയത്. അഞ്ചാം മത്സരത്തില്‍ പരാജയപ്പെട്ടു.
ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യക്ക് സെമി ഫൈനലില്‍ നേരിടാനുള്ളത്. ഇതിഹാസ താരം ബ്രെറ്റ് ലീയുടെ കരുത്തിലാണ് കങ്കാരുക്കള്‍ കളത്തിലിറങ്ങുന്നത്.
ആദ്യ റൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ഓസീസിനായിരുന്നു. നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. 48 പന്തില്‍ 78 റണ്‍സ് നേടിയ യൂസുഫ് പത്താന്റെ കരുത്തില്‍ ഇന്ത്യ പൊരുതി നോക്കിയെങ്കിലും ജയം മാത്രം അകന്നുനിന്നു.
വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ നേരത്തെ നേരിട്ട തോല്‍വിക്കുള്ള പ്രതികാരം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടാണ് വേദി. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് മത്സരം.