ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് പോരാട്ടം ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ നേരിടും. ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയും സ്വന്തമാകും.
ആദ്യ സെമി ഫൈനലില്‍ ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. 20 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ക്യാപ്റ്റന്‍ യൂനിസ് ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. യൂനിസ് ഖാന്‍ 45 പന്തില്‍ 65 റണ്‍സ് നേടി പുറത്തായി. 46 റണ്‍സടിച്ച കമ്രാന്‍ അക്മലും 18 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടി ആമേര്‍ യാമിനുമാണ് പാകിസ്ഥാന്റെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
വിന്‍ഡീസിനായി ഫിഡല്‍ എഡ്വാര്‍ഡ്‌സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുലൈമാന്‍ ബെന്‍ രണ്ട് വിക്കറ്റും നേടി. ഡ്വെയ്ന്‍ സ്മിത് ജെറോം ടെയ്‌ലര്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 178 റണ്‍സിന് പുറത്തായി. 29റണ്‍സ് നേടിയ എമ്‌രിറ്റാണ് ടോപ് സ്‌കോറര്‍.
അതേസമയം, രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ 86 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഓസ്ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്.
നാല് ഇന്ത്യന്‍ താരങ്ങളാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പക്കും ക്യാപ്റ്റന്‍ യുവരാജ് സിങ്ങിനും പുറമെ ഇര്‍ഫാന്‍-യൂസുഫ് പത്താന്‍മാരും തകര്‍ത്തടിച്ചു.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
റോബിന്‍ ഉത്തപ്പ 35 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 59 റണ്‍സാണ് നായകന്‍ യുവരാജ് സിങ് നേടിയത്. 23 പന്തില്‍ പുറത്താകാതെ 51 റണ്‍സുമായി യൂസുഫ് പത്താന്‍ തിളങ്ങിയപ്പോള്‍ 19 പന്തില്‍ അമ്പതടിച്ചാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ മാസ്റ്റര്‍ ക്ലാസ് വ്യക്തമാക്കിയത്.
നാല് പേരുടെയും കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറാണിത്.
ഓസ്ട്രേലിയ ചാമ്പ്യന്‍സിനായി പീറ്റര്‍ സീഡില്‍ ഫോര്‍ഫര്‍ നേടിയപ്പോള്‍ സേവ്യര്‍ ഡൊഹെര്‍ട്ടി ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലേ പിഴച്ചു. രണ്ട് റണ്‍സ് മാത്രമെടുത്ത് ഷോണ്‍ മാര്‍ഷ് മടങ്ങി. തുടര്‍ന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ ആക്രമണമഴിച്ചുവിട്ടതോടെ 50 റണ്‍സിന് മുമ്പ് മൂന്ന് മുന്‍നിര ഓസീസ് വിക്കറ്റുകള്‍ നിലം പൊത്തി.
പിന്നാലെയെത്തിയവരില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്നും നഥാന്‍ കൂള്‍ട്ടര്‍-നൈലും കാല്ലം ഫെര്‍ഗൂസനും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.
ഒടുവില്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 168 റണ്‍സാണ് കങ്കാരുക്കള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്.
ഇന്ത്യക്കായി പവന്‍ നേഗിയും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിപ്പോള്‍ ഹര്‍ഭജന്‍ സിങ്, രാഹുല്‍ ശുക്ല, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെറിഞ്ഞു.
ജൂലൈ 13നാണ് ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടം. എഡ്ജ്ബാസ്റ്റണാണ് വേദി.
Also Read: കൂറ്റന്‍ ജയം, കങ്കാരുക്കളെ കൊന്ന് കൊലവിളിച്ച് ഇന്ത്യ ഫൈനലിന്; തോല്‍പിച്ചവരെ തോല്‍പിച്ച് പ്രതികാരവും
Also Rad ഗെയ്‌ലിനു പോലും രക്ഷിക്കാന്‍ ആയില്ല, വെസ്റ്റ് ഇന്‍ഡീസിനെ തൂക്കിയെറിഞ്ഞ് പാകിസ്ഥാന്‍ ഫൈനലില്‍!
Content highlight: World Championship Of Legends 2024: India Champions will face Pakistan Champions in the final