വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024 ചാമ്പ്യന്‍മാരായി ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ടൂര്‍ണമെന്റിലെ ആദ്യ ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.
View this post on Instagram
പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
View this post on Instagram
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ യൂനിസ് ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷര്‍ജീല്‍ ഖാനെ നഷ്ടമായെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ചെറുത്തുനിന്നു.
മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴും എതിരാളികളെ വമ്പന്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തോനോ അധിക നേരം ക്രീസില്‍ നില്‍ക്കാനോ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
ഷോയ്ബ് മഖ്‌സൂദ് 12 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കമ്രാന്‍ അക്മല്‍ 19പന്തില്‍ 24 റണ്‍സും നേടി. 11 പന്തില്‍ ഏഴ് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.
View this post on Instagram
36 പന്തില്‍ 41 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സറാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ സൊഹൈല്‍ തന്‍വീറാണ് പാകിസ്ഥാന്റെ മറ്റൊരു റണ്‍ ഗെറ്റര്‍. ഒമ്പത് പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് താരം നേടിയത്. രണ്ട് ഫോറും ഒരു സിക്‌സറും തന്‍വീര്‍ സ്വന്തമാക്കി.
15 പന്തില്‍ 18 റണ്‍സുമായി തുടരവെ സൂപ്പര്‍ താരം മിസ്ബ ഉള്‍ ഹഖ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതും പാകിസ്ഥാന് തിരിച്ചടിയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സുമായി പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
View this post on Instagram
View this post on Instagram
ഇന്ത്യക്കായി അനുരീത് സിങ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍, പവന്‍ നേഗി, വിനയ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഓവറിലെ നാലാം പന്തില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന റോബിന്‍ ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായി. ആമേര്‍ യാമിന്റെ പന്തില്‍ സൊഹൈല്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ സുരേഷ് റെയ്‌ന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.
View this post on Instagram
എന്നാല്‍ നാലാം നമ്പറില്‍ ഗുര്‍കിരാത് മന്‍ എത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചു. റായിഡുവിനെ ഒപ്പം കൂട്ടി മൂന്നാം വിക്കറ്റില്‍ 60 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. ടീം സ്‌കോര്‍ 38ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് അവസാനിക്കുന്നത് 98ലാണ്. റായിഡുവിനെ പുറത്താക്കി സയീദ് അജ്മലാണ് പാകിസ്ഥാനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്.
30 പന്തില്‍ 50 റണ്‍സ് നേടിയാണ് റായിഡു മടങ്ങിയത്. രണ്ട് സിക്‌സറും അഞ്ച് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ശേഷം ക്യാപ്റ്റന്‍ യുവരാജ് സിങ്ങാണ് ക്രീസിലെത്തിയത്.
ടീം ടോട്ടലില്‍ പത്ത് റണ്‍സ് കൂടി പിറന്നതോടെ മന്നിനെയും ഇന്ത്യക്ക് നഷ്ടമായി. 33 പന്തില്‍ 34 റണ്‍സ് നേടിയാണ് മന്‍ പുറത്തായത്.
പിന്നാലെയെത്തിയ യൂസുഫ് പത്താന്‍ തന്റെ പതിവ് ശൈലിയില്‍ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ച് മുമ്പോട്ട് കുതിച്ചു. ഒരുവശത്ത് പത്താന്‍ തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് യുവരാജ് ആങ്കറിങ് ഇന്നിങ്‌സ് പുറത്തെടുത്ത് വിക്കറ്റ് സംരക്ഷിച്ചു.
16 പന്തില്‍ 30 റണ്‍സുമായി പത്താന്‍ പുറത്താകുമ്പോള്‍ വിജയത്തിന് പത്ത് പന്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ഇര്‍ഫാന്‍ പത്താനും ക്യാപ്റ്റന്‍ യുവരാജും ചേര്‍ന്ന് അനായാസം വിജയലക്ഷ്യം മറകടന്നു. ഇര്‍ഫാന്‍ പത്താന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ പുറത്താകാതെ 15 റണ്‍സാണ് യുവി നേടിയത്.
View this post on Instagram
പാകിസ്ഥാനായി ആമേര്‍ യമാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സയീദ് അജ്മല്‍, വഹാബ് റിയാസ്, ഷോയബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അംബാട്ടി റായിഡുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യൂസുഫ് പത്താന്‍ ടൂര്‍ണമെന്റിന്റെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
View this post on Instagram
View this post on Instagram
Content highlight: World Championship of Legends 2024: India Champions defeated Pakistan Champions in Final