സെമി ഫൈനലില്‍ ഇന്ത്യക്ക് കടുപ്പം; 35 പന്തില്‍ സെഞ്ച്വറിയടിച്ചവന്റെ കരുത്തില്‍ എതിരാളികള്‍ നേടിയത് കൂറ്റന്‍ ജയം
Sports News
സെമി ഫൈനലില്‍ ഇന്ത്യക്ക് കടുപ്പം; 35 പന്തില്‍ സെഞ്ച്വറിയടിച്ചവന്റെ കരുത്തില്‍ എതിരാളികള്‍ നേടിയത് കൂറ്റന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2024, 11:06 am

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സിന്റെ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം സെമിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഓസ്ട്രേലിയ നാലാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടും.

ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നോര്‍താംപ്ടണിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരെ 55 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ബെന്‍ ഡങ്കിന്റെ സെഞ്ച്വറിയുടെയും ഡാനിയല്‍ ക്രിസറ്റിയന്റെ സെഞ്ച്വറിയോളം പോന്ന തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി.

ബെന്‍ ഡങ്ക് 35 പന്തില്‍ 100 റണ്‍സ് നേടി പുറത്തായി. 12 ബൗണ്ടറികളും ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഡങ്കിന്റെ ഇന്നിങ്‌സ്. 285.71 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

35 പന്തില്‍ 99റണ്‍സാണ് ഡാനിയല്‍ ക്രിസ്റ്റ്യന്‍ അടിച്ചുകൂട്ടിയത്. എട്ട് സിക്‌സറും 11 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 282.86 എന്ന മികച്ച പ്രഹരശേഷയില്‍ ബാറ്റിങ് തുടരവെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയാണ് താരം മടങ്ങിയത്.

14 പന്തില്‍ 22 റണ്‍സടിച്ച ബെന്‍ കട്ടിങ്ങും 20 പന്തില്‍ 22 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷുമാണ് മറ്റ് സ്‌കോറര്‍മാര്‍.

വെസ്റ്റ് ഇന്‍ഡീസിനായി റയാദ് എമ്‌റിറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ മുഹമ്മദ്, ടിനോ ബെസ്റ്റ്, ആഷ്‌ലി നേഴ്‌സ് എന്നിവര്‍ ഒരോ വിക്കറ്റും നേടി.

പത്തിന് മുകളിലായിരുന്നു വിന്‍ഡീസ് നിരയില്‍ പന്തെറിഞ്ഞവരില്‍ എല്ലാവരുടെയും എക്കോണമി.

ക്രിസ് ഗെയ്‌ലിന്റെ അഭാവത്തില്‍ കിര്‍ക് എഡ്വാര്‍ഡ്‌സാണ് വിന്‍ഡീസിനായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടി എഡ്വാര്‍ഡ്‌സ് പുറത്തായി. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ചാഡ്വിക് വാള്‍ട്ടണും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ കടന്നുപോയി.

നാലാം നമ്പറില്‍ ക്രീസിലെത്തിയ ജോനാഥന്‍ കാര്‍ട്ടറിനെ ഒപ്പം കൂട്ടി സ്മിത് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ അധികം വൈകാതെ ആ കൂട്ടുകെട്ടിനെയും ഓസീസ് തകര്‍ത്തെറിഞ്ഞു. കാര്‍ട്ടറിനൊപ്പം 43 റണ്‍സാണ് സ്മിത് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.

ജേസണ്‍ മുഹമ്മദ് നാല് പന്തില്‍ രണ്ട് റണ്ണടിച്ച് പുറത്തായപ്പോള്‍ പിന്നാലെയെത്തിയ ആഷ്‌ലി നേഴ്‌സ് ഡ്വെയ്ന്‍ സ്മിത്തിനൊപ്പം ഉറച്ചുനിന്ന് സ്‌കോര്‍ ചെയ്തു.

അഞ്ചാം വിക്കറ്റില്‍ 43 പന്ത് നേരിട്ട് 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 162ല്‍ നില്‍ക്കവെ സ്മിത്തിനെ പുറത്താതക്കി ബ്രെറ്റ് ലീയാണ് കങ്കാരുക്കള്‍ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 40 പന്തില്‍ 64 റണ്‍സ് നേടിയാണ് സ്മിത് പുറത്താത്.

ഡ്വെയ്ന്‍ സ്മിത് മടങ്ങിയെങ്കിലും നേഴ്‌സ് തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ക്യാപ്റ്റന്‍ ഡാരന്‍ സമിയെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആറാം വിക്കറ്റില്‍ 57* റണ്‍സാണ് ഇവര്‍ കണ്ടെത്തിയത്. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ് ഇന്നിങ്‌സ് അവസിനിപ്പിച്ചു. ആഷ്‌ലി നേഴ്‌സ് 36 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 18 പന്തില്‍ പുറത്താകാതെ 33 റണ്‍സാണ് ഡരന്‍ സമി നേടിയത്.

വെള്ളിയാഴ്ചയാണ് ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കുന്നത്.

 

Also Read ഇങ്ങനെയൊരു യൂറോകപ്പ് ഫൈനൽ ചരിത്രത്തിലാദ്യം; ഓറഞ്ച് പടയെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടപോരാട്ടത്തിന്

 

Also Read അരങ്ങേറ്റക്കാരന്റെ ആറാട്ട്; 29 വര്‍ഷം മുമ്പുള്ള ഇംഗ്ലണ്ടിന്റെ ചരിത്രമാണ് ഇവന്‍ തിരുത്തിയത്

 

Also Read ക്യാപ്റ്റന്‍ കിങ്; പൊരുതിത്തോറ്റവന്റെ ഇടിമിന്നല്‍ റെക്കോഡ്!

 

Content highlight: World Championship of Legends 2024: Australia Champions defeated West Indies Champions