ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; സെമി കാണാതെ പുറത്താകുമോ?
Sports News
ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; സെമി കാണാതെ പുറത്താകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 7:49 am

 

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം  നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 23 റണ്‍സിനാണ് ഇന്ത്യ ചാമ്പ്യന്‍സിന്റെ പരാജയം.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ചാമ്പ്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് ഓസീസ് നേടിയത്. ഡാനിയല്‍ ക്രിസ്റ്റ്യന്റെ അര്‍ധ സെഞ്ച്വറിയും ഷോണ്‍ മാര്‍ഷിന്റെ മികച്ച പ്രകടനവുമാണ് കങ്കാരുക്കള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ക്രിസ്റ്റ്യന്‍ 33 പന്തില്‍ 69റണ്‍സ് നേടി. ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 209.09 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. മാര്‍ഷ് 27 പന്തില്‍ 41 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ആരോണ്‍ ഫിഞ്ചും ബെന്‍ ഡങ്കും പെട്ടെന്ന് പുറത്തായെങ്കിലും മാര്‍ഷ് ഒരുവശത്ത് ഉറച്ചുനിന്നു. പിന്നാലെയെത്തിയ കാല്ലം ഫെര്‍ഗൂസനും ഡാനിയല്‍ ക്രിസ്റ്റ്യനും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ആറാം നമ്പറില്‍ ക്രീസിലെത്തിയ ബെന്‍ കട്ടിങ്ങും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയതോടെ കങ്കാരുക്കള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, ആര്‍.പി. സിങ്, അനുരീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

200 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് റോബിന്‍ ഉത്തപ്പയും ഇര്‍ഫാന്‍ പത്താനും ചേര്‍ന്നാണ്. എന്നാല്‍ ഈ കൂട്ടുകെട്ടിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ പത്താനെ പുറത്താക്കി പീറ്റര്‍ സീഡില്‍ ഇന്ത്യയെ ഞെട്ടിച്ചു. ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെയാണ് പത്താന്റെ മടക്കം.

ടീം ടോട്ടല്‍ 40 കടക്കും മുമ്പ് തന്നെ റോബിന്‍ ഉത്തപ്പയും മൂന്നാം നമ്പറിലെത്തിയ സുരേഷ് റെയ്‌നയും പവലിയനിലേക്ക് തിരിച്ചുനടന്നു. ഉത്തപ്പ ഒമ്പത് പന്തില്‍ 12 റണ്‍സടിച്ചപ്പോള്‍ 10 പന്തില്‍ 12 റണ്‍സാണ് റെയ്‌ന നേടിയത്.

ശേഷം ക്രീസിലെത്തിയ ഓരോ താരങ്ങളെയും ഒപ്പം കൂട്ടി യൂസുഫ് പത്താന്‍ ചെറുതും വലുതുമായ കൂട്ടുകെട്ട് പടുത്തുര്‍ത്തിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

പത്താന്‍ 48 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്തു. ഒരു സിക്‌സറും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഏഴാം നമ്പറില്‍ ഇറങ്ങി 17 പന്തില്‍ 26 റണ്‍സ് നേടിയ അംബാട്ടി റായിഡുവാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 176 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഓസ്‌ട്രേലിയക്കായി നഥാന്‍ കൂള്‍ട്ടര്‍-നൈലും പീറ്റര്‍ സിഡിലും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ബെന്‍ ലാഫിനും ഡാനിയല്‍ ക്രിസ്റ്റ്യനും ഓരോ വിക്കറ്റ് വീതവും നേടി.

ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട വിന്‍ഡീസ് ഇന്ത്യയെ വെട്ടി മൂന്നാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാനാണ് ഒന്നാമത്.

നിലവില്‍ പാകിസ്ഥാനും ഓസ്‌ട്രേലിയയും സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. അടുത്ത രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടുന്ന ടീമുകള്‍ക്കാണ് സെമി ഫൈനലിന് ഇനി യോഗ്യത നേടാന്‍ സാധിക്കുക.

ജൂലൈ പത്തിന് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെതിരെ നടക്കുന്ന ആദ്യ റൗണ്ടിലെ അവസാന മത്സരം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ.

 

 

Content Highlight: World Championship of Legends 2024: Australia Champions defeated India champions