| Saturday, 13th July 2024, 8:49 am

സെമിയില്‍ നാല് ഫിഫ്റ്റി; ആദ്യം ഉത്തപ്പയുടെ അടി, പിന്നെ യുവരാജിന്റെ വെടിക്കെട്ട്, അവസാനം പത്താന്‍മാരുടെ കൊട്ടിക്കലാശം

സ്പോര്‍ട്സ് ഡെസ്‌ക്

2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ 86 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചെത്തി പാകിസ്ഥാനാണ് എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ നായകന്‍ ബ്രെറ്റ് ലീ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ലീയുടെ തീരുമാനം തെറ്റുന്ന കാഴ്ചയാണ് ശേഷം നോര്‍താംപ്ടണില്‍ കണ്ടത്.

നാല് ഇന്ത്യന്‍ താരങ്ങളാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പക്കും ക്യാപ്റ്റന്‍ യുവരാജ് സിങ്ങിനും പുറമെ ഇര്‍ഫാന്‍-യൂസുഫ് പത്താന്‍മാരും തകര്‍ത്തടിച്ചപ്പോള്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് കളി മറന്ന അവസ്ഥയിലെത്തി.

മോശമല്ലാത്ത തുടക്കം ഇന്ത്യക്ക് ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 32 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തി. എന്നാല്‍ അംബാട്ടി റായിഡുവിനെയും വണ്‍ ഡൗണായെത്തിയ സുരേഷ് റെയ്‌നയെയും പെട്ടെന്ന് തന്നെ മടക്കി ഓസ്‌ട്രേലിയ മുന്‍തൂക്കം നേടി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഉത്തപ്പ-യുവി കൂട്ടുകെട്ടെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചുതുടങ്ങി. മികച്ച രീതിയില്‍ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തവെ ടീം സ്‌കോര്‍ 103ല്‍ നില്‍ക്കവെ ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായി. 35 പന്തില്‍ 65 റണ്‍സ് നേടിയാണ് റോബിന്‍ മടങ്ങിയത്. നാല് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

View this post on Instagram

A post shared by FanCode (@fancode)

എന്നാല്‍ പുറത്തായ ഉത്തപ്പയെക്കാള്‍ അപകടകാരിയായിരുന്നു ക്രീസിലെത്തിയ യൂസുഫ് പത്താനെന്ന് വൈകാതെ ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്ക്ക് ബോധ്യമായി. മുമ്പിലെത്തിയ ഓസീസ് ബൗളര്‍മാരെയെല്ലാം അടിച്ചുപറത്തി പത്താന്‍ തന്റെ സംഹാരതാണ്ഡവം ആരംഭിച്ചു.

നാലാം വിക്കറ്റില്‍ യൂസുഫ് പത്താനെ ഒപ്പം കൂട്ടി യുവരാജ് സിങ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 157ല്‍ നില്‍ക്കവെ ഇന്ത്യന്‍ നായകനെ മടക്കി പീറ്റര്‍ സിഡിലാണ് ഓസ്‌ട്രേലിയക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 28 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 59റണ്‍സ് നേടിയാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍ മടങ്ങിയത്.

ഇതിന് പിന്നാലെ പത്താന്‍ സഹോദരന്‍മാരുടെ വെടിക്കെട്ടിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഇര്‍ഫാന്‍ പത്താന്‍ ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും വേഗം കൂടി. പത്താന്‍മാരുടെ അടികിട്ടാത്ത ഒറ്റ ബൗളര്‍മാര്‍ പോലും ഓസ്‌ട്രേലിയന്‍ നിരയിലുണ്ടായിരുന്നില്ല.

യൂസുഫ് പത്താന്‍ 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ നേരിട്ട 18ാം പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ഇര്‍ഫാന്‍ പത്താന്‍ തിളങ്ങിയത്. നാല് വീതം ഫോറും സിക്‌സറും അടക്കം 221 .74 എന്ന സ്‌ട്രൈക്ക് റേറ്റാണ് യൂസുഫിനുണ്ടായിരുന്നതെങ്കില്‍ അതിലും മികച്ച 263.16 എന്ന പ്രഹരശേഷിയില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമായി 50 റണ്‍സാണ് ഇര്‍ഫാന്‍ പത്താന്‍ നേടിയത്.

നാല് പേരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറാണിത്.

ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനായി പീറ്റര്‍ സീഡില്‍ ഫോര്‍ഫര്‍ നേടിയപ്പോള്‍ സേവ്യര്‍ ഡൊഹെര്‍ട്ടി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ പിഴച്ചു. രണ്ട് റണ്‍സ് മാത്രമെടുത്ത് ഷോണ്‍ മാര്‍ഷ് മടങ്ങി. തുടര്‍ന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ ആക്രമണമഴിച്ചുവിട്ടതോടെ സ്‌കോര്‍ ബോര്‍ഡില്‍ 50 തെളിയും മുമ്പ് മൂന്ന് മുന്‍നിര ഓസീസ് വിക്കറ്റുകള്‍ നിലം പൊത്തി.

പിന്നാലെയെത്തിയവരില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നും നഥാന്‍ കൂള്‍ട്ടര്‍-നൈലും കാല്ലം ഫെര്‍ഗൂസനും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.

ഒടുവില്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 168 റണ്‍സാണ് കങ്കാരുക്കള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഇന്ത്യക്കായി പവന്‍ നേഗിയും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിപ്പോള്‍ ഹര്‍ഭജന്‍ സിങ്, രാഹുല്‍ ശുക്ല, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെറിഞ്ഞു.

ജൂലൈ 13നാണ് ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടം. ആദ്യ സെമി വിജയിച്ചെത്തിയ പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.

Content highlight: World Championship of Legends 2024: 4 Indian players scored half century in semi finals

We use cookies to give you the best possible experience. Learn more