വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ ഇന്ത്യ ചാമ്പ്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഡക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. ഡി.എല്‍.എസിലൂടെ 27 റണ്‍സിനാണ് ഇന്ത്യ എതിരാളികളായ വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ മറികടന്ന് ഒന്നം സ്ഥാനത്തെത്താനും ഇന്ത്യക്കായി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നമന്‍ ഓജ സില്‍വര്‍ ഡക്കായി മടങ്ങി. സാമുവല്‍ ബദ്രീയുടെ പന്തില്‍ ജോനാഥന്‍ കാര്‍ട്ടറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ സുരേഷ് റെയ്‌നയെ ഒപ്പം കൂട്ടി റോബിന്‍ ഉത്തപ്പ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ 27 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 63ല്‍ നില്‍ക്കവെ ഉത്തപ്പയെ പുറത്താക്കി ടിനോ ബെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കയറിയപ്പോഴേക്കും റോബിന്‍ ഉത്തപ്പയും മടങ്ങി. റെയ്‌ന 12 പന്തില്‍ 19 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 43 റണ്‍സാണ് ഉത്തപ്പ നേടിയത്. മൂന്ന് സിക്‌സറും അഞ്ച് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 63/1ന് എന്ന നിലയില്‍ നിന്നും 65/3 എന്ന നിലയിലേക്ക് വീണതോടെ ഇന്ത്യന്‍ ആരാധകര്‍ പരുങ്ങി.
പിന്നാലെയെത്തിയ ഇര്‍ഫാന്‍ പത്താന്‍, പവന്‍ നേഗി, യൂസുഫ് പത്താന്‍ എന്നിവര്‍ക്കൊപ്പവും സിങ് ബാറ്റ് വീശി.
ഒടുവില്‍ നിശ്ചിത ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
42 പന്ത് നേരിട്ട് പുറത്താകാതെ 86 റണ്‍സടിച്ച ഗുര്‍കിരാത് സിങ്ങാണ് ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ഏഴ് പടുകൂറ്റന്‍ സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
വെസ്റ്റ് ഇന്‍ഡീസിനായി ടിനോ ബെസ്റ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആഷ്‌ലി നേഴ്‌സ്, സാമുവല്‍ ബദ്രീ, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
120 പന്തില്‍ 230 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 30 റണ്‍സാണ് ഗെയ്‌ലും സംഘവും സ്വന്തമാക്കിയത്. 11 പന്തില്‍ 14 റണ്‍സ് നേടിയ സ്മിത്തിനെ ധവാല്‍ കുല്‍ക്കര്‍ണി മടക്കി.
5.3 ഓവറില്‍ 31ന് 1 എന്ന നിലയില്‍ തുടരവെ കാലാവസ്ഥ പ്രതികൂലമായതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഡി.എല്‍.എസ് നിയമത്തിലൂടെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ വിന്‍ഡീസ് 27 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.