| Saturday, 22nd June 2024, 11:18 am

ലെബനന്‍ മറ്റൊരു ഗസയാകുന്നത് ലോകത്തിന് താങ്ങാനാവില്ല; ആശങ്ക പ്രകടിപ്പിച്ച് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും പിരിമുറുക്കവും വര്‍ധിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലെബനനെ മറ്റൊരു ഗസയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്.

സംഘര്‍ഷം രൂക്ഷമായതിനൊപ്പം തന്നെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടത്തുന്ന വെല്ലുവിളികളും കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടെയാണ് ഗുട്ടെറസിന്റെ പ്രതികരണം. യു.എന്‍ സമാധാന സേനാംഗങ്ങള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളിയാഴ്ച ഗുട്ടെറസ് പറഞ്ഞു.

Also Read: അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാജി, കോണ്‍ഗ്രസുമായി അടുക്കാന്‍ മമത; വയനാട്ടില്‍ പ്രിയങ്കക്കായി പ്രചരണത്തിനെത്തും

‘പെട്ടെന്നുള്ള നീക്കവും തെറ്റായ കണക്കുകൂട്ടലുകളും അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്ന വലിയ ദുരന്തത്തിന് കാരണമാകും. അത് നമ്മുടെ ഭാവനക്കുമപ്പുറമായിരിക്കും. ലെബനനെ മറ്റൊരു ഗസയാക്കുന്നത് കണ്ടുനില്‍ക്കാന്‍ ലോക ജനതയ്ക്ക് സാധിക്കില്ല,’ ഗുട്ടെറസ് പറഞ്ഞു.

ബ്ലൂ ലൈന്‍ എന്നറിയപ്പെടുന്ന ലെബനന്‍ ഇസ്രഈല്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എന്‍ നിയോഗിച്ച സമാധാന സേനാംഗങ്ങള്‍ തെക്കന്‍ ലെബനനില്‍ വളരെ കാലമായി നിലയുറപ്പിച്ചിട്ടുണ്ട്. യു.എന്‍ സമാധാന സേനാംഗങ്ങള്‍ പിരിമുറുക്കം കുറയ്ക്കാനും തെറ്റായ കണക്കുകൂട്ടലുകള്‍ തടയാനും പ്രവര്‍ത്തിക്കുന്നതായി ഗുട്ടെറസ് പറഞ്ഞു.

Also Read:ടി.പി. കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം; കണ്ണൂര്‍ ജയില്‍ സുപ്രണ്ടിന്റെ കത്ത് പുറത്ത്

കഴിഞ്ഞ ഒക്ടോബറില്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഹിസ്ബുള്ള ഇസ്രഈലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ബെയ്‌റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.

ലെബനനെതിരെ ഇസ്രഈല്‍ വലിയ ആക്രമണങ്ങള്‍ക്ക് മുതിരുകയാണെങ്കില്‍ പിന്നീട് നിയമങ്ങളും നിയന്ത്രണങ്ങളും നോക്കില്ലെന്നാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല മുന്നറിയിപ്പ് നല്‍കിയത്.

Contennt Highlight: ‘World cannot afford Lebanon becoming another Gaza’: UN chief

We use cookies to give you the best possible experience. Learn more