| Thursday, 30th April 2020, 9:20 pm

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന്‍: 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈന തടവിലാക്കിയ ആ ആറ് വയസ്സുകാരനെക്കുറിച്ച്

അന്ന കീർത്തി ജോർജ്

കഴിഞ്ഞ 25 വര്‍ഷമായി ടിബറ്റന്‍ ജനത കാണാതായ ഒരു ആറ് വയസ്സുകാരനായുള്ള അന്വേഷണത്തിലാണ്. ചൈന തടവിലാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയതടവുകാരനായിരുന്ന ഗെഡ്ഹുണ്‍ ചോയ്കി ന്യിമക്കായി. ടിബറ്റിനെതിരെ ചൈന വര്‍ഷങ്ങളായി നടത്തുന്ന വംശഹത്യയുടെയും സാംസ്‌ക്കാരിക അധിനിവേശത്തിന്റെയും തുടര്‍ച്ചയായിട്ടായിരുന്നു 1995ല്‍ ഉന്നത ആത്മീയ നേതാവായ 11-ാം പഞ്ചന്‍ ലാമയായി തെരഞ്ഞെടുക്കപ്പെട്ട ഗെഡ്ഹൂണ്‍ തടവിലാക്കപ്പെട്ടത്. പിന്നീട് ഇന്നുവരെയും ഗെഡ്ഹൂണിനെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

എന്തുകൊണ്ടാണ് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ടിബറ്റന്‍ ജനത ഗെഡ്ഹൂണിനെ അന്വേഷിക്കുന്നത്, ആരായിരുന്നു ആ 11-ാം പഞ്ചന്‍ ലാമ?

ടിബറ്റന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നത ആത്മീയഗുരുവും നേതാക്കളിലൊരാളുമാണ് പഞ്ചന്‍ ലാമ. ടിബറ്റന്‍ ജനതയുടെ പരമോന്നത നേതാവായ ദലൈലാമക്ക് തൊട്ടടുത്ത സ്ഥാനം വഹിക്കുന്നയാള്‍.

‘ടിബറ്റന്‍ ജനതയുടെ സൂര്യനും ചന്ദ്രനുമാണ് ദലൈലാമയും പഞ്ചന്‍ ലാമയും’ എന്നാണ് വിശ്വാസം. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്നതിലും ഏറ്റവും നിര്‍ണ്ണായകമായ സ്ഥാനമാണ് പഞ്ചന്‍ ലാമ വഹിക്കുന്നത്.

1949ല്‍ ടിബറ്റില്‍ ചൈനയുടെ അധിനിവേശം ആരംഭിച്ച നാള്‍ മുതലാണ് ആ ജനതയുടെ ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങിയത്. അന്നുമുതല്‍ ലക്ഷക്കണക്കിന് ടിബറ്റുകാര്‍ നിരന്തരം കൊല ചെയ്യപ്പെട്ടു. വലിയ കലാപങ്ങള്‍ അരങ്ങേറി. ആശ്രമങ്ങള്‍ കല്ലോട്കല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. എല്ലാ മതസ്വാതന്ത്ര്യങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തപ്പെട്ടു.

1959ല്‍ ദലൈലാമക്കും പതിനായിരക്കണക്കിന് ജനങ്ങള്‍ക്കും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. അവശേഷിച്ചവര്‍് ചൈനയുടെ നിയന്ത്രണത്തിലായി. അങ്ങിനെ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന മതവിഭാഗവും ജനതയുമായി മാറി ടിബറ്റന്‍ വംശജര്‍. പല രാജ്യങ്ങളിലായി ചിതറിപ്പോയെങ്കിലും തങ്ങളുടെ ബുദ്ധമതവിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചുക്കൊണ്ടിരുന്നു. ചൈനീസ് അടിച്ചമര്‍ത്തലിനെതിരെയുള്ള ടിബറ്റന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഇത്.

ഇതിന്റെ കൂടി ഭാഗമായി ആയിരുന്നു 1989ല്‍ പത്താം പഞ്ചന്‍ ലാമ തന്റെ പിന്‍ഗാമിയെ പാരമ്പര്യമനുസരിച്ച് തെരഞ്ഞെടുക്കണമെന്ന് അറിയിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതേ സമയം ചൈനീസ് സര്‍ക്കാര്‍ പഞ്ചന്‍ ലാമയെ തെരഞ്ഞെടുക്കുന്നതിന് തങ്ങളുടേതായുള്ള മാനദണ്ഡങ്ങളുമായി രംഗത്തെത്തി. ഇതിനായി ചന്ദ്രേല്‍ റിപോംച്ചേ അധ്യക്ഷനായി പഞ്ചന്‍ ലാമ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.

ഇക്കാലഘട്ടത്തില്‍ ടിബറ്റന്‍ ബുദ്ധിസ്റ്റുക്കള്‍ക്കിടയില്‍ വിവിധ മൊണസ്ട്രികള്‍ തമ്മില്‍ എതിര്‍പ്പുകള്‍ നിലനിന്നിരുന്നു. ആശയപരമായ എതിര്‍പ്പുകള്‍ വൈകാതെ ചൈനീസ് സര്‍ക്കാരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന നിലയിലായി തീര്‍ന്നിരുന്നു. ഈ വിഭാഗീയതയെ മുതലെടുക്കാന്‍ കൂടിയുള്ള ശ്രമങ്ങളായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നത്. എന്നാല്‍ ഇരു വിഭാഗങ്ങള്‍ക്കും സമ്മതമായ രീതിയില്‍ പഞ്ചന്‍ ലാമയെ കണ്ടെത്താനായിരുന്നു ചന്ദ്രേല്‍ റിംപോച്ചെ ശ്രമിച്ചത്.

ഒടുവില്‍ 1995ല്‍ ടിബറ്റിന്റെ 11-ാം പഞ്ചെന്‍ ലാമയായി ഗെഡ്ഹുണ്‍ ചോയ്കി ന്യിമയെ ദലൈലാമ തെരഞ്ഞെടുത്തു. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ചൈനീസ് സര്‍ക്കാര്‍ ഗെഡ്ഹൂണെ വീട്ടില്‍ നിന്നും മാറ്റി. വൈകാതെ കുടുംബാംഗങ്ങളെയും.

ഗെഡ്ഹുണ്‍ ചോയ്കി ന്യിമ

മാത്രമല്ല ചന്ദ്രേല്‍ റിംപോച്ചയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലടക്കുകയും ചെയ്തു. ആ സ്ഥാനത്തേക്ക് പിന്നീട് സെങ്ചന്‍ ലോബ്‌സാങ് റിംപോച്ചെയെ നിയമിച്ചു. ചൈനീസ് സര്‍ക്കാരുമായി കൂടുതല്‍ അടുപ്പമുള്ള ആളാണ് സെങ്ചന്‍ എന്ന് അന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗെഡ്ഹൂണിനെ മാറ്റിയതിന് തൊട്ടുപിന്നാലെ ചൈന ഗ്യന്‍സ്യന്‍ നോര്‍ബു എന്ന മറ്റൊരു കുട്ടിയെ പഞ്ചന്‍ ലാമയായി അവതരിപ്പിച്ചു. ദലൈലാമയും ടിബറ്റന്‍ ജനതയും ഇത് അംഗീകരിച്ചില്ല.

അന്ന് ആറാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനായിരുന്നു ഗെഡ്ഹുണ്‍. പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗെഡ്ഹൂണിനെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

ഇപ്പോള്‍ ടിബറ്റന്‍ ബുദ്ധിസത്തിന് രണ്ട് പഞ്ചന്‍ ലാമമാരുണ്ട്. ദലൈലാമ തെരഞ്ഞെടുക്കുകയും ചൈനീസ് സര്‍ക്കാര്‍ തടവിലാക്കുകയും ചെയ്ത പഞ്ചന്‍ ലാമയും ചൈന അംഗീകരിച്ച, എന്നാല്‍ മറ്റാരും അംഗീകരിക്കാത്ത പഞ്ചന്‍ ലാമയുമെന്ന് ചരിത്രകാരനായ അലക്‌സാണ്ടര്‍ നോര്‍മന്‍ അഭിപ്രായപ്പെടുന്നു.

ഗ്യന്‍സ്യന്‍ നോര്‍ബു

ടിബറ്റന്‍ ജനതയെ പൂര്‍ണ്ണമായും വരുതിയിലാക്കാനുള്ള ശ്രമങ്ങളായാണ് ചൈന തന്നെ മറ്റൊരു പഞ്ചന്‍ ലാമയെ അവതരിപ്പിച്ചതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചന്‍ ലാമക്ക് അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും പ്രധാനമായ സ്ഥാനമാണുള്ളതെന്ന വസ്തുത ഇതിന് ആക്കം കൂട്ടുന്നു. ഇപ്പോള്‍ തങ്ങള്‍ തെരഞ്ഞെടുത്ത പഞ്ചന്‍ ലാമയിലൂടെ അടുത്ത ദലൈലാമയെക്കൂടി തെരഞ്ഞെടുക്കാനും അതുവഴി ടിബറ്റന്‍ ജനതയെ പൂര്‍ണ്ണമായും കീഴടക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും സാമൂഹ്യ വിദഗ്ധര്‍ നിസ്സംശയം പറയുന്നു. ഇതിലൂടെ അവശേഷിക്കുന്ന പ്രതിരോധസ്വരങ്ങളെക്കൂടി എളുപ്പത്തില്‍ ഇല്ലായ്മ ചെയ്യാനാകുമെന്ന് ചൈന വിശ്വസിക്കുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 25ന് ഗെഡ്ഹൂണിന്റെ 31-ാം ജന്മദിനത്തില്‍ അമേരിക്ക ഗെഡ്ഹൂണ്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തടവില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഗെഡ്ഹുണെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോകുമെന്നാണ് ചൈനയുടെ ഔദ്യോഗികവാദം. അതിനാല്‍ ഒരു വിദേശപ്രതിനിധിയെ പോലും ഗെഡ്ഹുണെ സന്ദര്‍ശിക്കാന്‍ ചൈന ഇതുവരെയും അനുവദിച്ചിട്ടില്ല. ഗെഡ്ഹുണ്‍ സുരക്ഷിതനായി സാധാരണ ജീവിതം നയിക്കുകയാണെന്നും ചൈന നിരന്തരമായി അവകാശപ്പെടുന്നു

ഗെഡ്ഹൂണിനെക്കുറിച്ചുള്ള വിവരങ്ങളെങ്കിലും പുറത്തുവിടണമെന്നും വിദേശപ്രതിനിധികളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും വര്‍ഷങ്ങളായി മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയോടും ലോകരാഷ്ട്രങ്ങളോടും ചൈനക്കുമേല്‍ സമ്മര്‍ദം ചെലുത്താനും ഗെഡ്ഹൂണെ കണ്ടെത്താനും സഹായിക്കണമെന്നത് ടിബറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

1996ല്‍ ഐക്യരാഷ്ട്രസംഘടന ഗെഡ്ഹൂണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ചൈനയെ സമീപിച്ചു. ഒപ്പം നിരവധി പ്രശ്‌സതരും നോബേല്‍ ജേതാക്കളുമടക്കം ഇതിനായുള്ള ക്യാംപെയ്‌നും ആരംഭിച്ചു. പക്ഷെ ചൈന ആവശ്യം അംഗീകരിച്ചില്ല.

2007ലും 2015ലും സമാനമായ ആവശ്യം ഉയര്‍ന്നു. ഗെഡ്ഹൂണും കുടുംബവും സുരക്ഷിതരാണെന്നും സാധാരണജീവിതം നയിക്കുകയാണെന്നും ചൈന ആവര്‍ത്തിച്ചു. പക്ഷെ എവിടെയാണ് ഇവര്‍ ഉള്ളതെന്ന് വെളിപ്പെടുത്തിയില്ല. സന്ദര്‍ശനത്തിനും അനുമതി നല്‍കിയില്ല.

2019ല്‍ ബി.ബി.സി തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിനായി ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് ടിം വിഡന്‍ 30 വയസ്സുകരാനായി ഗെഡ്ഹുണിന്റെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. അന്ന് ടിബറ്റന്‍ ജനത ഏറെ വികാരഭരിതരായാണ് ആ ചിത്രത്തെ സ്വീകരിച്ചത്.

ഇന്നും ദലൈലാമയും മുഴുവന്‍ ടിബറ്റന്‍ ജനതയും തങ്ങളുടെ പഞ്ചന്‍ ലാമ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നു. ഗെഡ്ഹുണിന്റെ ആറ് വയസ്സുള്ളപ്പോള്‍ എടുത്ത ചിത്രത്തെ, ഗെഡ്ഹൂണിന്റേതായി ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുള്ള ആ ഒരേ ഒരു ചിത്രത്തെ വണങ്ങുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.