| Tuesday, 8th June 2021, 12:40 pm

ബ്രെയിന്‍ ട്യൂമര്‍: അറിയേണ്ടത്, ശ്രദ്ധിക്കേണ്ടത്

ഡോ. ഷൗഫീജ് പി.എം.

ജൂണ്‍ 8 ലോകം ബ്രെയ്ന്‍ ട്യൂമര്‍ ദിവസമായി ആയി ആചരിക്കുകയാണ്. ബ്രെയ്ന്‍ ട്യൂമറിനെ (തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍) കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മന്‍ ബ്രെയ്ന്‍ ട്യൂമര്‍ അസോസിയേഷന്‍ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്.

1. എന്താണ് ബ്രെയ്ന്‍ ട്യൂമര്‍

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച എന്ന് ഒറ്റവാക്കില്‍ നമുക്ക് ഇതിനെ മനസിലാക്കാം. ബ്രെയ്ന്‍ ട്യൂമറിനെ രണ്ടായി തരംതിരിക്കാം. Benign അഥവാ കാന്‍സര്‍ അല്ലാത്ത മുഴകള്‍,  Malignant അഥവാ കാന്‍സര്‍ രൂപത്തിലുള്ള മുഴകളും.

ഇതില്‍ കാന്‍സര്‍ രൂപത്തിലുള്ള മുഴകളെ വീണ്ടും രണ്ടായി തരംതിരിക്കാം. പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ അഥവാ തലച്ചോറിലെ കോശങ്ങളില്‍ ഉണ്ടാകുന്നവ എന്നും, മെറ്റാസ്റ്റാറ്റിക് ബ്രെയ്ന്‍ ട്യൂമര്‍ അഥവാ വേറെ അവയവങ്ങളില്‍ ഉണ്ടായ കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചവ എന്നും എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.

2. എത്ര സാധാരണയാണ് ബ്രെയ്ന്‍ ട്യൂമര്‍?

ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ 5-10 ആളുകള്‍ക്ക് വരെ ബ്രെയ്ന്‍ ട്യൂമര്‍ കാണാറുണ്ട്.

3. കുട്ടികളില്‍ ബ്രെയ്ന്‍ ട്യൂമര്‍ കാണാറുണ്ടോ?

തീര്‍ച്ചയായും കാണാറുണ്ട്. കുട്ടികളില്‍ കാണുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനം ആണ് ബ്രെയ്ന്‍ ട്യൂമറിന്. ( most common cancers in children – Leukemia, Brain Tumor, Lymphoma )

4. എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

പൊതുവെ കാണുന്ന രോഗലക്ഷണങ്ങള്‍ തലവേദന, ഛര്‍ദ്ദി, തലകറക്കം, ശരീരത്തിന്റെ ഒരു ഭാഗം തളരുക, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവ ആണ്.

ബ്രെയ്ന്‍ ട്യൂമര്‍ തലച്ചോറിലെ ഏതു ഭാഗത്താണ് എന്നതിനെ അനുസരിച്ചു രോഗലക്ഷണങ്ങള്‍ വ്യത്യസ്തമാവാം.

തലച്ചോറിലെ സെറിബെല്ലം എന്ന അവയവത്തിലാണ് മുഴ എങ്കില്‍ തലവേദന, തലകറക്കം, ബാലന്‍സിംങ് തകരാറുകള്‍ എന്നിവ രോഗലക്ഷണങ്ങള്‍ ആകാം. ഓക്‌സിപിറ്റല്‍ ലോബില്‍ ആണ് മുഴ എങ്കില്‍ കാഴ്ച പ്രശ്‌നങ്ങള്‍ ആകാം പ്രാരംഭ ലക്ഷണം.

ഫ്രണ്ടല്‍ ലോബില്‍ ആണ് മുഴ എങ്കില്‍ സ്വഭാവ വ്യത്യാസം, മണം നഷ്ടപ്പെടുക എന്നിവ ആകാം. ടെമ്പോറല്‍ ലോബില്‍ ഉള്ളവ സംസാരത്തിന്റെ ബുദ്ധിമുട്ടുകള്‍, ഓര്‍മ്മക്കുറവ് എന്നിവ ആയി പ്രകടമാകാം.

പരേറ്റല്‍ ലോബില്‍ ട്യൂമര്‍ ഉള്ളവരില്‍ കണക്ക് കൂട്ടാനുള്ള ബുദ്ധിമുട്ട്, വായിക്കാനും എഴുതാനും ഉള്ള ബുദ്ധിമുട്ട്, തരിപ്പ്, ഒരു വശം തളരല്‍ എന്നീ ബുദ്ധിമുട്ടുകള്‍ പ്രകടമാകാം.

പറഞ്ഞു വരുന്നത് തലച്ചോറിലെ ഓരോ ഭാഗത്തിനും ഓരോ ജോലി ഉണ്ട് എന്നാണ്. ഏതെങ്കിലും ഭാഗത്തു മുഴകള്‍ വളരുമ്പോള്‍ ആ ജോലി തടസപ്പെടുകയും അത് രോഗലക്ഷണങ്ങള്‍ ആയി പ്രകടമാകുകയും ചെയ്യും

5. എങ്ങനെ കണ്ടെത്താം?

ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിച്ചു വിശദമായ പരിശോധനക്ക് വിധേയരാകണം. ഡോക്ടര്‍ ആദ്യം തന്നെ വിശദമായ, History Taking, Clinical Examination എന്നിവ വഴി ഈ രോഗലക്ഷണങ്ങള്‍ ഉടനടി തുടര്‍ പരിശോധനകള്‍ ആവശ്യമാണോ എന്നു വിലയിരുത്തും. കാരണം മുകളില്‍ പറഞ്ഞ പല ലക്ഷണങ്ങളും ബ്രെയ്ന്‍ ട്യൂമര്‍ അല്ലാതെ മറ്റു പല കാരണങ്ങളാലും വരാവുന്നതാണ്.
രോഗം സ്ഥിരീകരിക്കുന്നത് MRI Brain, CT Brain എന്നീ പരിശോധനകള്‍ വഴി ആണ്.

6. എങ്ങനെ ചികിത്സിക്കാം?

രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമര്‍ തലച്ചോറില്‍ എവിടെ സ്ഥിതി ചെയ്യുന്നു, പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ ആണോ അതോ മെറ്റാസ്റ്റാറ്റിക് ആണോ എന്നീ ഘടകങ്ങളെ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക.

പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ ആണെങ്കില്‍ അത് ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ മുഴുവനായി എടുത്തു കളയുക എന്നുള്ളതാണ് ചികിത്സയുടെ ആദ്യപടി. തുടര്‍ ചികിത്സ ആയി റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ വേണോ എന്നുള്ളത് ഓപ്പറേഷന്‍ ചെയ്ത ട്യൂമറിന്റെ പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചു ആണ് തീരുമാനിക്കുക.

പാത്തോളജി റിപ്പോര്‍ട്ട് പ്രകാരം Grade of Tumor തുടര്‍ചികിത്സ നിശ്ചയിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. Grade 1 & 2 Tumors പലപ്പോഴും മുഴുവനായും എടുത്തുമാറ്റിയെങ്കില്‍ തുടര്‍ചികിത്സ ആവശ്യം വരില്ല. അതേസമയം grade 3 & 4 Tumors ന് തുടര്‍ചികിത്സയായി റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ ആവശ്യം വന്നേക്കാം.

ഒരു രോഗിയുടെ ചികിത്സ തീരുമാനിക്കുന്നത് ഡോക്ടര്‍മാരുടെ ഒരു ടീം ആണ് (Multi Disciplinary Tumor Board). അതില്‍ ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നീ സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ ചേര്‍ന്ന ഒരു സംഘം ആണ് തുടര്‍ ചികിത്സ നിശ്ചയിക്കാറ്.

അതേസമയം മെറ്റാസ്റ്റാറ്റിക് ബ്രെയ്ന്‍ ട്യൂമര്‍ അഥവാ വേറെ അവയവത്തില്‍ നിന്നും വന്ന കാന്‍സര്‍ ആണെങ്കില്‍ വളരെ വിരളമായി മാത്രമേ ഓപ്പറേഷന്‍ നടത്താറുള്ളു. മിക്കപ്പോഴും Palliattive whole Brain Radiation, Stereo Tactic Brain Radiation എന്നീ ചികിത്സകള്‍ ആണ് മെറ്റാസ്റ്റാറ്റിക് ബ്രെയ്ന്‍ ട്യൂമറിന് ചികിത്സയായി കൊടുക്കാറ്.

ഇതെല്ലാം കൂടാതെ തലച്ചോറിലെ പ്രഷര്‍ കുറക്കാനുള്ള മരുന്നുകള്‍ കൂടി ചികിത്സയുടെ ഭാഗമായി കൊടുക്കാറുണ്ട്.

ഡോ. ഷൗഫീജ് പി.എം.

(അമേരിക്കന്‍ ഓങ്കോളജിയിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകന്‍)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: World Brain Tumor Day Dr Shoufeej American Oncology

ഡോ. ഷൗഫീജ് പി.എം.

കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് അമേരിക്കന്‍ ഓങ്കോളജി

We use cookies to give you the best possible experience. Learn more