തുര്‍ക്കിക്ക് സഹായഹസ്തവുമായി ലോകബാങ്ക്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.78 ബില്യണ്‍ ഡോളര്‍ സഹായം
World News
തുര്‍ക്കിക്ക് സഹായഹസ്തവുമായി ലോകബാങ്ക്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.78 ബില്യണ്‍ ഡോളര്‍ സഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 9:03 am

വാഷിങ്ടണ്‍: തുര്‍ക്കി ഭൂകമ്പത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 1.78 ബില്യണ്‍ ഡോളര്‍ (1,46,99,74,73,000 രൂപ) സഹായവുമായി ലോകബാങ്ക്.

‘ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരുദ്ധാരണത്തിനുമുള്ള മുന്‍ഗണനാ മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള വിലയിരുത്തല്‍ ആരംഭിച്ചു.

തുര്‍ക്കിയിലെ ഭൂകമ്പം ഇതിനോടകം നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അനവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. തുര്‍ക്കിയില്‍ സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായും പുനരുദ്ധാരണത്തിനും
രക്ഷാപ്രവര്‍ത്തനത്തിനും വേണ്ടി ലോക ബാങ്ക് 1.78 ബില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിക്കുന്നു’, ലോകബാങ്ക് പ്രസ്താവിച്ചു.

 

തുര്‍ക്കിയിലും സിറിയയിലുമായി ആകെ 21,051 പേര്‍ ഇതുവരെ മരണപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് 70000ലധികം പേര്‍ ചികിത്സയിലാണ്.

ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡാവിഡ് മല്‍പ്പാസ് തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങളോട് അനുശോചനം രേഖപ്പെടുത്തി. എല്ലാവിധത്തിലുള്ള സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തുര്‍ക്കിയില്‍ നിലവിലുള്ള പദ്ധതികളായ സി.ഇ.ആര്‍.സി (Cotingent Emergency Reponse Components), ടി.ഇ.എഫ്.ഡബ്ല്യൂ.ഇ.ആര്‍ (Turkiye Earthquake, Floods and Wildfires Emergency Reconstrutcion Project) വഴിയാണ് തുര്‍ക്കിയിലേക്കുള്ള സഹായം ആഹ്വാനം ചെയ്തിട്ടുള്ളത്.

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 85 മില്യണ്‍ ഡോളര്‍, യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഏകദേശം ഒരു നൂറ്റാണ്ടിനിടെ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. ദുരിത പ്രദേശങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ്.എ.ഐ.ഡി 85 മില്യണ്‍ സഹായം വാഗ്ദാനം ചെയ്യുന്നു’, യു.എസ്.എ.ഐ.ഡി വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്കും, അനാഥരായവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും നല്‍കുമെന്നും തണുപ്പിനെ നേരിടാന്‍ ആവശ്യമുള്ള വസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയവ വിതരണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് തുര്‍ക്കിയിലും സിറിയയിലും ഭൂചലനമുണ്ടായത്. തുര്‍ക്കിയിലെ 24 കിലോമീറ്റര്‍ ചുറ്റളവിലുള്ള 10 പ്രവിശ്യകളെയാണ് ഭൂചലനം ബാധിച്ചത്. 12 വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഭൂചലനം സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlight: World Bank with a helping hand to Turkey; $1.78 billion in relief aid