| Monday, 15th May 2023, 9:51 pm

കേരളത്തിന്റെ 'കാര്‍ബണ്‍ ന്യൂട്രല്‍' പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിച്ച് ലോകബാങ്ക് പ്രതിനിധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ ‘കാര്‍ബണ്‍ ന്യൂട്രല്‍’ പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിച്ച് ലോകബാങ്ക് പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് ഏഷ്യ റീജ്യണല്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റൈസറുടെ നേതൃത്വത്തിലുള്ള സംഘമാണ് 2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമായി മാറാനുള്ള കേരളത്തിന്റെ പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കേരളം അതിവേഗം നഗരകേന്ദ്രീകൃതമായി മാറുന്നുണ്ടെന്നും, ഇത് ഭാവിയില്‍ പ്രത്യേകിച്ച് ഗതാഗത മേഖലയില്‍ കാര്‍ബണ്‍ പുറന്തള്ളലുകള്‍ കൊണ്ടുള്ള വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാല്‍, ഗതാഗത രംഗത്തെ ഹരിതവല്‍ക്കരിക്കുകയാണ് ഇതിനെ മറികടക്കാന്‍ കേരളം ചെയ്യേണ്ടതെന്നും റൈസര്‍ പി.ടി.ഐയോട് പറഞ്ഞു. ‘സംസ്ഥാനത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനായി കേരളം റിന്യൂവബിള്‍ എനര്‍ജിയെ ആശ്രയിക്കണം. സോളാറില്‍ ഒരുപാട് സാധ്യതകളുണ്ട്,’ ലോകബാങ്ക് പ്രതിനിധി പറഞ്ഞു.

മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരുമായി റൈസര്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ഇ-മൊബിലിറ്റി പരിസരങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഹരിത എക്കോ സിസ്റ്റം ഒരുക്കാനായി ജനങ്ങള്‍ ഇലക്ട്രിക്, ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലേക്ക് മാറേണ്ടതുണ്ട്.

അതൊരിക്കലും എളുപ്പമുള്ള കാര്യമാകില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നു. കേരളത്തില്‍ ലോകബാങ്ക് ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികളെല്ലാം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. മുഖ്യമന്ത്രിയോട് പ്രത്യേകിച്ച് ആശങ്കകള്‍ ഒന്നും പങ്കുവെക്കാനില്ല,’ മാര്‍ട്ടിന്‍ റൈസര്‍ പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാംക്രമിക രോഗങ്ങളുടെ പകര്‍ച്ച, മഹാമാരികള്‍ എന്നീ സാഹചര്യങ്ങളില്‍ കേരളത്തിന്റെ മുന്നൊരുക്കങ്ങളെ സഹായിക്കാനുള്ള ‘റെസിലിയന്റ് കേരള പ്രോഗ്രം’ എന്നിവ നന്നായി പുരോഗമിക്കുകയാണെന്നും ലോകബാങ്ക് പ്രതിനിധി ചൂണ്ടിക്കാട്ടി.

പ്രാദേശികമായ മേഖലകളിലുള്ള ജനങ്ങള്‍ക്ക് കൂടി പ്രയോജനകരമായ രീതിയില്‍ അവരുടെ ദുരിതങ്ങള്‍ കുറക്കാനായി ശാസ്ത്രീയമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കല്‍ കൂടി ലക്ഷ്യമിടുന്നുണ്ട്. നിപ്പ പോലുള്ള മാരക രോഗങ്ങളെ കേരളം നേരിട്ട രീതിയിലും അദ്ദേഹം സന്തോഷമറിയിച്ചു.

രോഗപ്രതിരോധ രംഗത്ത് പുതിയ ഇനം രോഗങ്ങളെ അതിവേഗം തിരിച്ചറിയാന്‍ പ്രാപ്തമായ ഇന്ത്യയിലെ ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികിത്സാ രീതികളുള്ള സംസ്ഥാനമാണ് കേരളമെന്നും ലോകബാങ്ക് സൗത്ത് ഏഷ്യ റീജ്യണല്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റൈസര്‍ പറഞ്ഞു.

‘പ്രതികൂല സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കാര്‍ഷിക രീതികള്‍ വികസിപ്പിക്കാനും, കാര്‍ഷിക രംഗത്ത് ഉല്‍പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും സര്‍ക്കാരുമായി ഒന്നിച്ച് സഹകരിക്കാനും തീരുമാനമായി. വൃദ്ധരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ രംഗത്ത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. കേരളത്തിലെ ജനസംഖ്യാ നിരക്ക് വളരെ താഴെയാണ്.

പ്രത്യുല്‍പാദന നിരക്കും കുറവാണ്. കേരളത്തിലെ ആരോഗ്യ രംഗം മികച്ച നിലയിലാണ്. ജനസംഖ്യയില്‍ പ്രായക്കൂടുതല്‍ ഉള്ളവര്‍ വര്‍ധിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ആരോഗ്യരംഗത്തുള്ളവര്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്’ ലോകബാങ്ക് പ്രതിനിധി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള ലോകബാങ്ക് പ്രതിനിധികളുടെ ഇന്നത്തെ കൂടക്കാഴ്ചയില്‍, കേരളത്തിന്റെ വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെ വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ധാരണയായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒഴുകി നടക്കുന്ന സോളാര്‍ പ്ലാന്റുകളില്‍ നിന്നുള്ള ഊര്‍ജോല്‍പാദനം, കൊച്ചിയിലേയും വിഴിഞ്ഞത്തേയും ഗ്രീന്‍ ഹൈഡ്രജന്‍ താഴ്‌വരകള്‍, കൊച്ചിയിലെ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മാണവും കയറ്റുമതിയും ഉപയോഗവും… തുടങ്ങിയ ആറോളം പദ്ധതികളില്‍ ലോകബാങ്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

content highlights: world bank team expresses interest in state’s carbon neutral initiatives

We use cookies to give you the best possible experience. Learn more