| Thursday, 16th February 2023, 4:50 pm

പുതിയ വെല്ലുവിളികൾക്ക് തയ്യാർ; ലോകബാങ്ക് പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ഡേവിഡ് മാൽപാസ്. ജൂൺ അവസാനത്തോടെ രാജിവെക്കുമെന്നാണ് മാൽപാസിന്റെ പ്രഖ്യാപനം. കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിനിൽക്കെയാണ് രാജി.

കഴിഞ്ഞ നാല് വർഷങ്ങൾ തന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായവയായിരുന്നുവെന്നും പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും ഡേവിഡ് മാൽപാസ് പറഞ്ഞു.

‘കഴിഞ്ഞ നാല് വർഷങ്ങൾ എന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ കാലഘട്ടമായിരുന്നു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് തീരുമാനം. വികസിത രാജ്യങ്ങൾ പോലും പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിൽ ബാങ്ക് ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകൾ നിർണായകമാണ്,’ മാൽപാസ് കൂട്ടിച്ചേർത്തു.

‘റഷ്യൻ അധിനിവേശമുണ്ടായ സമയത്ത് മാൽപാസ് ഉക്രൈനിന് വേണ്ടിയെടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. അഫ്ഗാൻ ജനതയെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും ലോകരാജ്യങ്ങൾക്ക് പ്രചോദനമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സഹായിക്കാനും മാൽപാസ് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്,’ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു.

പുതിയ ലോകബാങ്ക് പ്രസിഡന്റിനെ അമേരിക്ക ഉടൻ നാമനിർദേശം ചെയ്യുമെന്നും യെല്ലൻ അറിയിച്ചു.

ട്രംപ് ഭരണകാലത്ത് യു.എസ് ട്രഷറിയിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചതിന് ശേഷം 2019 ഏപ്രിലിലാണ് മാൽപാസ് ലോകബാങ്ക് തലവനായി ചുമതലയേറ്റത്.

Content Highlight: world bank president David malpass declares resignation

We use cookies to give you the best possible experience. Learn more