| Saturday, 2nd April 2016, 1:24 pm

ഓട്ടിസം: തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ഏതാണ്ട  1.7-2 മില്യണും ഇടയിലുള്ള കുട്ടികള്‍ ഓട്ടിസം ബാധിതരാണെന്നാണ് കണക്കുകള്‍. ഇത്രയുമേറെ കുട്ടികള്‍ ഓട്ടിസം ബാധിതരായുണ്ടായിരുന്നിട്ടും രാജ്യത്ത് ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ്.

പതിനെട്ടുമാസം പ്രായമാകുന്നതിനു മുമ്പ് ഓട്ടിസമുണ്ടോയെന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണ്. കുട്ടികളില്‍ സ്ഥിരമായി അസ്വസ്ഥമായ പെരുമാറ്റം പ്രകടമാകുന്നുണ്ടോയെന്ന് വിദഗ്ധര്‍ക്കും രക്ഷിതാക്കള്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന പ്രായമാണിത്.

ഒരു വയസിനും രണ്ടു വയസിനും ഇടയിലുള്ള പ്രായമാണ് ഓട്ടിസം ചികിത്സ ആരംഭിക്കാന്‍ പറ്റിയ പ്രായം. കാരണം തലച്ചോറിന്റെ 80-90 ശതമാനവും വികാസം പ്രാപിക്കുന്നത് ഈ പ്രായത്തിലാണ്. ചികിത്സ എത്രത്തോളം വൈകുന്നുവോ അത്രത്തോളം നിങ്ങളുടെ കുട്ടിക്ക് ആ ബുദ്ധിമുട്ട് തരണം ചെയ്യാന്‍ പ്രയാസമുണ്ടാകും.

മൂന്നുവയസിനിടെയുള്ള പ്രായത്തില്‍ കുട്ടികളെ ബാധിക്കുന്ന സങ്കീര്‍ണമായ വൈകല്യമാണ് ഓട്ടിസം എന്നാണ് ഓട്ടിസം സൊസൈറ്റി ഓഫ് അമേരിക്ക ഈ രോഗത്തെ നിര്‍വചിക്കുന്നത്. തലച്ചോറിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗത്തിന്റെ ഫലമാണിതെന്നും എ.എസ്.എ പറയുന്നു. ഇത് സാമൂഹ്യ ഇടപെടല്‍, ആശയവിനിമയ കഴിവ് തുടങ്ങിയ മേഖലകളിലെ വികാസത്തെയാണ് ബാധിക്കുക.

വാക്കാലും അല്ലാതെയുമുള്ള ആശയവിനിമയം ഓട്ടിസം രോഗികള്‍ക്കു ബുദ്ധിമുട്ടാണ്. ഓട്ടിസം വികാസത്തിന്റെ മൂന്നുമേഖലകളെയാണ് പ്രധാനമായും ബാധിക്കുക. സാമൂഹ്യ ഇടപെടലും മനസിലാക്കലും, വാക്കാലുള്ള പെരുമാറ്റം, സങ്കല്പശക്തി എന്നിവയില്‍.

“ഓട്ടിസം തീര്‍ത്തും സങ്കീര്‍ണമായ രോഗമാണ്. അതിന്റെ അസംഖ്യം പ്രത്യേകതകളെ നമുക്ക് നാലു പ്രധാനമേഖലകളിലാക്കി ശുദ്ധീകരിച്ചെടുക്കാം: ചിന്തിക്കുന്ന കാര്യത്തിലുള്ള അയവില്ലായ്മ, സംസാരിക്കുന്നതും ഭാഷപഠിക്കുന്നതും വൈകുക, സാമൂഹ്യ ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞുമാറുക, ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിലെ ചില വെല്ലുവിളികള്‍. മിക്ക കുട്ടികളിലും ഈ നാലു ഘടകകള്‍ പൊതുവായുണ്ടാവാം. എന്നാല്‍ ഓട്ടിസം ഒരു സ്‌പെക്ട്രം ഡിസോഡറാണ്. ഓട്ടിസമുള്ള രണ്ടോ പത്തോ ഇരുപതോ കുട്ടികള്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യാസമുള്ളവരാകാം. ഈ സ്‌പെക്ട്രത്തിന്റെ വ്യത്യസ്തമായ പോയിന്റുകളിലായിരിക്കും ഓരോ കുട്ടിയും.”

ഓട്ടിസത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍:

ഐ കോണാക്ട് ഇല്ലാതിരിക്കുകയോ കുറയുകയോ ചെയ്യുക.

ശബ്ദത്തിനോടുള്ള സംവേദനക്ഷമത വന്‍തോതില്‍ വര്‍ധിക്കുക.

കുട്ടിയുടെ പേരു വിളിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുക.

സ്വന്തം ശരീരത്തില്‍ വേദനയാക്കുന്ന പെരുമാറ്റം. ഉദാഹരണത്തിന് സ്വയം കടിക്കുകയും ്അടിയ്ക്കുകയും ചെയ്യുക.

അവന്റെ അല്ലെങ്കില്‍ അവളുടെ ലോകത്തില്‍ മാത്രം ഒതുങ്ങുക

വസ്തുക്കളെ കാഴ്ചയില്‍ പിന്തുടരാതിരിക്കല്‍.

ആശയവിനിമയത്തിനിടെ ആംഗ്യങ്ങള്‍ ഉപയോഗിക്കാതിരിക്കല്‍.

പൊതുവായ ലക്ഷണങ്ങള്‍:

സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക

സംഭാഷണത്തില്‍ പങ്കുചേരാനുള്ള കഴിവില്ലായ്മ

സാമൂഹ്യ ഇടപെടലിനുള്ള ബുദ്ധിമുട്ട്

സങ്കല്പശക്തിയുടെ അഭാവം

സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള കഴിവുകേട്. ഒറ്റയ്ക്കു കളിക്കുന്നത് തെരഞ്ഞെടുക്കല്‍.

കളിപ്പാട്ടങ്ങളും മറ്റും ഒരേരീതിയില്‍ ഉപയോഗിച്ചു കളിക്കുക

പതിവില്‍ ചില മാറ്റങ്ങള്‍ ഉണ്ടായാല്‍ അല്ലെങ്കില്‍ പരിചിതമായ ചുറ്റുപാട് മാറിയാല്‍ അതിനോട് ഇണങ്ങിച്ചേരാനുള്ള കഴിവില്ലായ്മ.

സംസാരേതര ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ട്

പെരുമാറ്റത്തിലെ, ശരീര അവയവങ്ങള്‍ ചലിപ്പിക്കുന്നതിലെ ചില മാറ്റങ്ങള്‍, ഉദാഹരണത്തിന് എപ്പോഴും തലകുനിച്ചിടുക,

വെല്ലുവിളികള്‍:

ഈ രോഗത്തെ അംഗീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി. വൈകല്യങ്ങളുള്ള ആളുകളോട് സമൂഹത്തിലെ ചിലര്‍ക്കുള്ള പൊതുചിന്ത മാറണം.

എല്ലാകുട്ടികളും ഒരേതരത്തില്‍ തന്നെ ഈ രോഗം ബാധിക്കണമെന്നില്ല. അതിനാല്‍ തന്നെ എല്ലാ കുട്ടികള്‍ക്കും ഒരേവേഗത്തില്‍ ചികിത്സാ പുരോഗതി കൈവരിക്കാനാവില്ല.

ഈ ബുദ്ധിമുട്ടുകള്‍ ഒരു രോഗരൂപമല്ലെന്നും ഇതു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ഓട്ടിസമുള്ള കുട്ടികളുമായി തങ്ങളുടെ കുട്ടികള്‍ കളിക്കുമ്പോള്‍ അവര്‍ക്കും രോഗം ബാധിക്കുമെന്ന ഭയം ചിലര്‍ക്കുണ്ട്. പലപ്പോഴും ഓട്ടിസം ബാധിതരായവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാറുമുണ്ട്. പൊതുസ്ഥലത്ത് ഇത്തരം കുട്ടികളെ ആളുകള്‍ തുറിച്ചുനോക്കുമ്പോഴും കളിയാക്കുമ്പോഴുമെല്ലാം അവര്‍ അവരോട് പ്രതികരിക്കാറില്ല.

ഇത്തരം കുട്ടികളോട് സമൂഹം സഹതപിക്കുന്നതിനു പകരം അവര്‍ക്ക് മറ്റുള്ള കുട്ടികള്‍ക്കു ലഭിക്കുന്നതുപോലുള്ള അവസരങ്ങള്‍ ലഭിക്കാനും കരുതല്‍ ലഭിക്കാനും സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. അവരോട് യാതൊരു വിവേചനവും കാണിക്കരുത്.

We use cookies to give you the best possible experience. Learn more