2036ല്‍ നടക്കുന്ന ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്ത്യയുടെ ദീര്‍ഘ നാളായിട്ടുള്ള ആഗ്രഹത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ലോക അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ സെബാസ്റ്റ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
2036ലെ സമ്മര്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ പദ്ധതികളിലൊന്നാണെന്നും ഇന്ത്യക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
1980-84 കാലഘട്ടത്തിലെ ഒളിംമ്പിക്‌സില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ രണ്ട് തവണ ചാമ്പ്യനായ 68 കാരനായ സെബാസ്റ്റിയന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടുത്ത പ്രസിഡന്റ് ആകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ട്. തോമസ് ബാക്കിന് പകരം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ലേലം വിളിച്ച ഏഴ് പേരില്‍ ഒരാളാണ് അദ്ദേഹം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍ കോ ഇന്ത്യയിലെത്തിയത്.
‘അത്‌ലറ്റിക്‌സിലേക്ക് കൂടുതല്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. മാത്രമല്ല ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കായിക മേഖലയ്ക്ക് വലിയ മുതല്‍കൂട്ടാകും,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇതുവരെ ഒളിംമ്പിക്സിന് ആതിഥേയത്വം വഹിച്ചിട്ടില്ല. എന്നാല്‍ 2010ല്‍ ദല്‍ഹിയില്‍ വച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയിരുന്നു. അത്‌ലറ്റിക്സ് പ്രസിഡന്റുമായി നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യയുടെ ഒളിംമ്പിക്സ് ആതിഥേയത്വത്തിന് വേഗം കൂട്ടും, കൂടാതെ അടുത്ത ഐ.ഒ.എ പ്രസിഡന്റ് ആയി കോ ചുമതലയേറ്റാല്‍ ഇന്ത്യയുടെ ആവശ്യത്തിന് കുറച്ചധികം മുന്‍തൂക്കം ലഭിക്കുമെന്ന് കായികമന്ത്രാലയം പ്രതീക്ഷിക്കുന്നു.
ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും 2036 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 2032 ലെ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയയുടെ ബ്രിസ്ബന്‍ വേദിയാകുമ്പോള്‍ 2028ലെ ഗെയിംസിലേക്ക് ലോസ് ഏഞ്ചല്‍സിനെയും തെരഞ്ഞെടുത്തു.
Content Highlight: World Athletics President backs India’s bid to host Olympics 2036