യുജീന്‍: ലോക അത്‌ലറ്റിക് ചമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രക്ക് വെള്ളി. ജാവലിന്‍ ത്രോയിലൂടെയാണ് നീരജ് ചോപ്ര ഇന്ത്യക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്‌സ്, ലോക ചമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്നത്.
2003ല്‍ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി വെള്ളി മെഡല്‍ നേടുന്ന താരവും ചോപ്രയാണ്.
ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാമ്പ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം നിലനിര്‍ത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സന്‍ സ്വര്‍ണം നേടിയത്.
ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10ാം സ്ഥാനത്തോടെ മെഡല്‍ പോരാട്ടത്തില്‍നിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം.
നേരത്തെ യോഗ്യതാ റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. കരിയറില്‍ 89.94 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം.
കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.
CONTENT HIGHLIGHTS: World Athletics Championships 2022 , Neeraj Chopra wins historic silver medal