| Tuesday, 31st March 2020, 6:54 pm

കൊറോണക്ക് ശേഷം നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ലോകം എങ്ങിനെയായിരിക്കും ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമാനതകളില്ലാത്ത വിധത്തിലാണ് കൊവിഡ്-19 ലോകത്ത് പടര്‍ന്നുപ്പിടിക്കുന്നത്. ലോകം മുഴുവന്‍ ഇതുവരെ ഒരിക്കലും നടപ്പാക്കാത്ത നിയന്ത്രണനടപടികളിലേക്കും പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്കും കടന്നു. ഇനിയെന്താകും എന്നുള്ള അനിശ്ചിതത്വം നമ്മളെ പോലെ ഈ ലോകത്തുള്ള ഓരോരുത്തരുടെ മുന്നിലും ഉണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യത്യസ്ത നാടുകളിലുള്ള, വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയമുള്ള അങ്ങനെ വ്യത്യസ്തരായ കോടാനുകോടി മനുഷ്യര്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഒറ്റകാര്യത്തെ കുറിച്ചാണ് കൊവിഡ് എന്നാണ് അവസാനിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ തന്നെ ലോകത്തിന്റെ പലഭാഗങ്ങളിലും അതിര്‍ത്തികളടച്ചു, എയര്‍പോര്‍ട്ടുകളടച്ചു, ഹോട്ടലുകള്‍, ബിസിനസുകള്‍, സ്‌കൂള്‍ കോളേജ് എല്ലാം അടഞ്ഞു കിടക്കുകയാണ്. ലോക ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം അതായത് 7.8 ബില്ല്യണ്‍ ആളുകളും ഇപ്പോള്‍ അവരുടെ വീടുകളില്‍ തന്നെയാണ്. ജീവിച്ചിരിക്കുന്ന ആരുടെയും ഓര്‍മകളില്‍ പോലും ഇല്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

കൊവിഡ് പടിയിറിങ്ങിപ്പോകുന്ന കാലത്തിന് വേണ്ടി കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. ഇതിനോടൊപ്പം തന്നെ രാഷ്ട്രീയ സാമൂഹിക ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൊവിഡ് കാലത്തിനു ശേഷം നാം തിരിച്ചിറങ്ങുന്ന ലോകവും വ്യത്യസ്തമായിരിക്കും എന്ന് അഭിപ്രായപ്പെടുന്നുണ്ട്. തീര്‍ച്ചയായും സാമ്പത്തിക പ്രതിസന്ധി ഒരു ഘടകമാണ്. നമുക്ക് എല്ലാം അറിയുന്ന ഘടകം. പക്ഷേ മറ്റു ചിലതരത്തില്‍ കൂടി ലോകം വ്യത്യസ്തമായിരിക്കും ഇനിയുള്ള നാളുകളില്‍ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് എന്തൊക്കെ എന്ന് നോക്കാം.

അടിമുടി സാങ്കേതികതയുടെ ലോകം

പൂര്‍ണമായും ഡിജിറ്റല്‍ മേഖലയിലേക്കുള്ള കാല്‍വെപ്പിലേക്ക് എല്ലാ രാഷ്ട്രങ്ങളും അതിവേഗം മാറാന്‍ കൊവിഡ് കാരണമാകും എന്നാണ് ഡിജിറ്റല്‍ റവല്യൂഷനില്‍ പഠനം നടത്തുന്ന ആന്‍ഡ്ര്യൂ കീന്‍ പറയുന്നത്. കൊവിഡിനു ശേഷം ഏറ്റവും കൂടുതല്‍ ശക്തി പ്രാപിപ്പിക്കുക സാങ്കേതി മേഖല ആയിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ മഹാമാരി നാം അതിജീവിച്ചു പോരുന്നത് ടെക്‌നോളജി കാരണമാണെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കൊവിഡ്-19 ചികിത്സാരംഗത്തും നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലുമെല്ലാം സാങ്കേതികവിദ്യയുടെ പുരോഗതി അത്രമേല്‍ പ്രാധാന്യമുള്ളതാണ്. ആരോഗ്യരംഗത്തെ സാങ്കേതികവിദ്യയുടെ മുന്‍പില്ലാത്ത വളര്‍ച്ചയിലേക്ക് ഇപ്പോള്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വഴിവെക്കും. കൂടാതെ മറ്റെല്ലാ ബിസിനസ് മേഖലകളിലും വന്‍ തകര്‍ച്ചയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയതെങ്കിലും ഡിജിറ്റല്‍ രംഗത്ത് കുതിപ്പാണ് ഉണ്ടായത്. വാതിലും ജനലും അടച്ച് നാം അകത്തിരിക്കുമ്പോഴും വിശേഷങ്ങള്‍ വിരല്‍തുമ്പിലൂടെ അറിയുന്നുണ്ടല്ലോ. വമ്പന്‍ കമ്പനികളായ ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയ്ക്ക് പുറമെ ചെറുകിട കമ്പനികളും ഇതിന്റെ പ്രയോക്താക്കളാകും.

സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ കൂടിയേക്കും

കൊവിഡിനെ ചെറുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നത്. കൊവിഡിന് ശേഷവും ഇത് തുടര്‍ന്നു പോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത്തരം നീക്കങ്ങള്‍ ഇനിയുള്ള കാലങ്ങളില്‍ വ്യക്തി സ്വാതന്ത്ര്യത്തിലും നമ്മുടെ രാഷ്ട്രീയ സാമൂഹിക അധികാരത്തിലും പ്രതിഫലിച്ചേക്കാം. സുരക്ഷയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ജനങ്ങളുടെ പ്രൈവറ്റ് ലൈഫില്‍ ഇടപെടാനുള്ള ആയുധമാക്കി കൊവിഡിനെ മാറ്റുമെന്നും നിരീക്ഷണങ്ങളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തും. ദേശീയത, സ്വയംപര്യാപ്തത എന്നീ വാക്കുകള്‍ കൊവിഡ് കാലത്തിന് ശേഷം ഉയര്‍ന്നു കേള്‍ക്കാന്‍ ഇടയുണ്ടെന്നും ആന്‍ഡ്രൂ ക്രെയ്ഗ് പറയുന്നു. പോപ്പുലിസ്റ്റുകള്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിദേശ ഭയത്തെ ഉപയോഗപ്പെടുത്തുമെന്നും വാദങ്ങള്‍ ഉണ്ട്.

പൊതുജന ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്ന വന്‍ കിട രാഷ്ട്രങ്ങളുടെ അമിത ആത്മവിശ്വാസത്തിന് കൊവിഡ് വലിയൊരു പ്രഹരം കൂടി ഏല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ആഗോള സാമ്പത്തിക മേഖലയില്‍ വലിയ മാന്ദ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ഭരണ സംവിധാനങ്ങള്‍ കൊവിഡ് 19 നു ശേഷം അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കും പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

നമ്മുടെ നിത്യജീവിതത്തിന്റെ ശൈലിയില്‍ തന്നെ കൊവിഡ് മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് അയര്‍ലന്റിലെ ബിഹവിയറല്‍ റിസേര്‍ച്ച് തലവനായ പീറ്റെ ലുണ്‍ പറയുന്നത്. കൊവിഡ് നമ്മുടെ നിത്യ ശീലങ്ങളെ എല്ലാം ഇതിനോടകം മാറ്റിയിട്ടുണ്ട്. നമ്മള്‍ വ്യക്തികളുമായി ഇടപെടുന്നതില്‍ സ്വീകരിച്ചു വന്നിരുന്ന രീതികള്‍, ഭക്ഷണം, സാമൂഹിക ബന്ധം, തുടങ്ങി എല്ലാം അത് മാറ്റിയിട്ടുണ്ട്.
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുദ്ധങ്ങള്‍ക്ക് ശേഷം കൂടുതല്‍ ദൃഢമായ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയില്‍ ഒന്നിച്ച് ഒരു ചെറുത്തു നില്‍പ്പ് നടത്തിയ മനുഷ്യരില്‍ കമ്മ്യൂണിറ്റി ഫീലിങ്ങ് വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്നും പീറ്റര്‍ ലുണ്‍ പറയുന്നു.

വിപ്ലവകരമായ രീതിയില്‍ ആരോഗ്യമേഖല ശക്തിപ്പെട്ടേക്കാം

മനുഷ്യചരിത്രത്തില്‍ നേരിടാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് ആരോഗ്യമേഖലയില്‍ നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ലോകത്തിന് മുന്നിലുള്ള ശക്തമായ കാരണങ്ങളില്‍ ഒന്നാണ് കൊവിഡ് 19. ന്യൂക്ലിയര്‍ നിരായൂധീകരണം, തീവ്രവാദം തുടങ്ങിയവ നേരിടുന്നതില്‍ ലോകം കാണിച്ച അതേ കരുതല്‍ ആരോഗ്യമേഖലയില്‍ കാണിക്കാനും ഇത് ഇടയാക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറായ വിന്‍ ഗുപ്ത പറയുന്നത്. ജീവന്‍ രക്ഷോപാധികള്‍ക്ക് വന്‍ ക്ഷാമം നേരിട്ട ലോകം വരും കാലങ്ങളില്‍ അതിനും പ്രാധാന്യം നല്‍കുമെന്നും സൂചനകള്‍ ഉണ്ട്. ആരോഗ്യ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന രീതികളില്‍ വന്‍മാറ്റങ്ങള്‍ക്ക് കൊവിഡ്-19 കാരണമായേക്കാം.

മതാനുഷ്ഠാനങ്ങളില്‍ മാറ്റം വന്നേക്കാം

വ്യത്യസ്ത മതങ്ങളുടെയും ആചാരങ്ങളുടെയും അസ്തിത്വം തന്നെ പ്രതിസന്ധി നേരിടുന്ന സമയം കൂടിയാണിതെന്ന് മലേഷ്യയില്‍ ഗവേഷകനായ മൊഹദ് ഫൈസല്‍ പറയുന്നു. കൊറിയ, മലേഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മതപരമായി ആളുകള്‍ ഒത്തുകൂടിയ ഇടങ്ങളില്‍ നിന്നാണ് രോഗ വ്യാപനം ഉണ്ടായത്. ആധുനിക ചരിത്രത്തില്‍ ഇത്തരത്തില്‍ സുന്നി ഷിയ മുസ്ലിംകളുടെ ആരാധാന കേന്ദ്രങ്ങള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. സുന്നി മുസ്ലിംകളുടെ ഹജ്ജിനും, ക്രിസ്തുമത വിശ്വാസികളുടെ സമൂഹ ആരാധനയിലും ഹിന്ദു മതവിശ്വാസികളുടെ കൂട്ടം ചേര്‍ന്നുള്ള ആരാധനകള്‍ക്കും എല്ലാം ഇനി കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകാന്‍ ഒരുപക്ഷേ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള കൊവിഡ് പ്രതിരോധനടപടികള്‍ ഇടയാകും. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, സാനിറ്റേഷന്‍ സൗകര്യം, സോഷ്യല്‍ കോണ്‍ടാക്റ്റ് തുടങ്ങി എല്ലാത്തിലും നിയന്ത്രണങ്ങളും ശ്രദ്ധയും ഉണ്ടാകും.

കൊവിഡിനെ അതിജീവിക്കുന്നതില്‍ ലോകം നയിക്കുന്ന പോരാട്ടത്തില്‍ ഓരോ വ്യക്തിക്കും കൃത്യമായ പങ്കുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വീട്ടിലിരുന്ന് ലോകത്തിന്റെ പോരാട്ടത്തില്‍ പങ്കാളികളാവുകയാണ് നാം ഓരോരുത്തരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്