ഗാന്ധിനഗര്‍: ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്നും നീക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇത്തരത്തിലുള്ള കോണ്‍ഗ്രസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പുറത്താക്കലുകള്‍ പോലും പരിഗണനയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 2027ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായി ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് കോണ്‍ഗ്രസിനെ ശുദ്ധീകരിക്കണമെങ്കില്‍ 40 നേതാക്കളെ വരെ പുറത്താക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും രണ്ട് തരം ആളുകളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്ക് വേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരും കോണ്‍ഗ്രസിന്റെ പ്രത്യേയ ശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ് ഒരു വിഭാഗമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളില്‍ നിന്ന് അകന്നുപോയ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുന്നില്ലെന്നും അകലെ ഇരിക്കുന്ന പ്രവര്‍ത്തകരില്‍ പകുതിയും ബി.ജെ.പിക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തില്‍ രണ്ട് ഗ്രൂപ്പുകളെയും വേര്‍തിരിച്ചില്ലെങ്കില്‍ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിക്കില്ലെന്നും തെരഞ്ഞെടുപ്പുകളിലെ ജയവും തോല്‍വിയും മാറ്റിവെച്ച് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Workers working secretly for BJP will be expelled from Congress: Rahul Gandhi