| Saturday, 23rd September 2023, 2:01 pm

'പട്ടിണി, കുട്ടികളെ പഠിപ്പിക്കാന്‍ വകയില്ല'; മോദിക്കെതിരെ പ്രതിഷേധം ശക്തമാക്കി ചന്ദ്രയാന്‍ 3ന്റെ ഭാഗമായ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 18 മാസമായി ശമ്പളം ലഭിക്കാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ തൊഴിലാളികള്‍. ചന്ദ്രയാന്‍ 3 ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒയില്‍ പ്രധാന പങ്കുവഹിച്ച ജീവനക്കാര്‍ സെപ്റ്റംബര്‍ 20 മുതലാണ് ന്യൂദല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് തങ്ങള്‍ക്ക് ശമ്പളമില്ലെന്നും തങ്ങളുടെ വീടുകളിലെ അവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ഇവിടെ പ്രതിഷേധിക്കുന്നതെന്നും ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ഭവന്‍ സിങ് പറഞ്ഞു.

‘ഞങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണമില്ല, അവരെ പഠിപ്പിക്കാന്‍ വകയില്ല. ഞങ്ങള്‍ റാഞ്ചിയില്‍ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. ഞങ്ങള്‍ തൊഴിലാളികള്‍ ഉണര്‍ന്നുവെന്ന് നരേന്ദ്ര മോദിയെ അറിയിക്കാനാണ് ഇവിടെ കൂടിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

തങ്ങളുടെ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിച്ച് തരാന്‍ ആവശ്യപ്പെടുമ്പോള്‍ കോര്‍പ്പറേഷനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘2014 മുതല്‍ ഹെവി എന്‍ജിനീയറിങ് കോര്‍പറേഷന് അനുവദിച്ച ഫണ്ട് വറ്റി. ഞങ്ങളുടെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന കരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. കോര്‍പ്പറേഷന് 2017 മുതല്‍ പ്രത്യേക ചീഫ് മാനേജിങ് ഡയറക്ടര്‍ ഇല്ല. മാനേജര്‍മാര്‍ ഉള്‍പ്പെടെ 2800 ജീവനക്കാരാണ് കോര്‍പ്പറേഷനിലുള്ളത്. ഞങ്ങള്‍ക്ക് നീതി വേണം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം,’ സിങ് പറഞ്ഞു.

1958ല്‍ സ്ഥാപിതമായ ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി ആസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് എന്‍ജിനീയറിങ് സ്ഥാപനങ്ങളിലൊന്നാണ്. റെയില്‍വേ, ഖനനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് പൊതുമേഖലാ സ്ഥാപനമാണ് ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്.

വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മഹുവ മാജി വിഷയം ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ചന്ദ്രയാന്‍ -1, 2, 3 എന്നിവയ്ക്കായുള്ള ലോഞ്ച് പാഡും നിരവധി ഉപകരണങ്ങളും എച്ച്.ഇ.സിയില്‍ നിര്‍മ്മിച്ചതാണെന്നും കഴിഞ്ഞ 18 മാസമായി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞതായി പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാവിലെ ചായ വിറ്റാണ് ജീവനക്കാര്‍ ഓഫീസിലേക്ക് പോകുന്നതെന്ന് പറഞ്ഞ മാജിയെ എതിര്‍ത്തുകൊണ്ട് സഭാ നേതാവ് പിയൂഷ് ഗോയല്‍ വാദിച്ചുവെന്നും ആരെങ്കിലും ഇത്തരം ആരോപണങ്ങള്‍ വസ്തുതകളോടെ മേശപ്പുറത്ത് വെച്ചാല്‍ ഞാന്‍ മനസിലാക്കുമെന്നാണ് ഗോയല്‍ മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലാളികളുടെ പ്രതിഷേധം തന്നെ തെളിവാണെന്നായിരുന്നു മാജിയുടെ പ്രതികരണം. ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വ്യാഴാഴ്ച മാജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ജന്ദര്‍ മന്ദറിലെത്തിയിരുന്നു.

ഇതിനിടെ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് വേണ്ടി ലോഞ്ച്പാഡ് നിര്‍മിക്കുന്നതില്‍ സംഭാവന നല്‍കിയ ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനിലെ ചില ജീവനക്കാര്‍ ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് റാഞ്ചിയിലെ റോഡരികില്‍ ഇഡ്ഡലി, ചായ, മോമോസ് എന്നിവ വില്‍ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ചന്ദ്രയാന്‍ 3ന് വേണ്ടി ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ പ്രത്യേകമായി ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതിനോട് യോജിക്കാനാകില്ലെന്നും ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരു കമ്പനിയും ലോഞ്ച്പാഡുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് കോര്‍പ്പറേഷനിലെ മാനേജര്‍ പുരേന്ദു ദത്ത് മിശ്ര പറഞ്ഞു.

2003നും 2010നും ഇടയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷന്‍ ചില അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സിലെ ഒരു പോസ്റ്റില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു.

Content Highlights: Workers who made parts for ISRO satellite launches stage protest against Prime Minister

We use cookies to give you the best possible experience. Learn more