| Friday, 11th November 2022, 9:58 am

തെരുവിലിറങ്ങി തൊഴിലാളികള്‍; ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം വ്യാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്.

രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളി പ്രക്ഷോഭം കനത്തതോടെ പാരീസ് മെട്രോ സര്‍വീസുകള്‍ വ്യാഴാഴ്ച സ്തംഭിച്ചതായി എഫ്.ആര്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ മേഖലകളിലെ പ്രതിഷേധത്തിന്റെ ഭാഗമായി സെന്‍ട്രല്‍ പാരിസില്‍ 4,000 പേര്‍ പങ്കെടുത്ത പ്രകടനവും രാജ്യവ്യാപകമായി 60,000 വരെ ആളുകള്‍ പങ്കെടുത്ത പ്രകടനങ്ങളും നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനുമായി അഫിലിയേഷനുള്ള തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫെറഡേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനമായ പാരിസില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തി.

സമരം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ അധികൃതരുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ അധികൃതരുമായും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുമായും ബുധനാഴ്ച നടന്ന ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തരല്ലെന്നും എന്നാല്‍ പുരോഗതിയുണ്ടായതായും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി സാമ്പത്തികനയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. എന്നാല്‍ നയപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന നിലപാടാണ് ഇതുവരെ സര്‍ക്കോസിക്കുള്ളത്.

ഗതാഗത മേഖലയിലെ തൊഴിലാളികളായിരുന്നു ആദ്യം സമരത്തിനിറങ്ങിയത്. തുടര്‍ന്ന് മറ്റ് മേഖലയിലെ തൊഴിലാളികളും സമരത്തിന്റെ ഭാഗമാവുകയായിരുന്നു.


CONTENT HIGHLIGHT: Workers took to the streets; In France, the labor movement is spreading further

Latest Stories

We use cookies to give you the best possible experience. Learn more