പാരിസ്: ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്.
രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളി പ്രക്ഷോഭം കനത്തതോടെ പാരീസ് മെട്രോ സര്‍വീസുകള്‍ വ്യാഴാഴ്ച സ്തംഭിച്ചതായി എഫ്.ആര്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ മേഖലകളിലെ പ്രതിഷേധത്തിന്റെ ഭാഗമായി സെന്‍ട്രല്‍ പാരിസില്‍ 4,000 പേര്‍ പങ്കെടുത്ത പ്രകടനവും രാജ്യവ്യാപകമായി 60,000 വരെ ആളുകള്‍ പങ്കെടുത്ത പ്രകടനങ്ങളും നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനുമായി അഫിലിയേഷനുള്ള തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫെറഡേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനമായ പാരിസില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തി.