| Wednesday, 28th December 2016, 10:54 am

മോദിയുടെ പിഴവിന് ശിക്ഷ ഏറ്റുവാങ്ങാനാവില്ല: ഇനി ഓവര്‍ ടൈം എടുക്കാന്‍ കഴിയില്ലെന്ന് സാല്‍ബോനി കറന്‍സി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാള്‍: നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കാനായി കഴിഞ്ഞ ഒരു മാസത്തിലേറെയായി തൊഴിലാളികള്‍ രാപകല്‍ ജോലിയിലാണ്. എന്നാല്‍ ഇനി മുതല്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രാന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള സാല്‍ബോനി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രാന്‍ പ്രൈവറ്റ് ലിമിറ്റഡ് അതോറിറ്റിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം തൊഴിലാളികള്‍ തുടര്‍ച്ചയായി ജോലിചെയ്യുന്നത് കാരണം പലരും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുകയാണെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

മൈസൂരിലേയും സാല്‍ബോനിയിലേയും പ്രിന്റിങ് പ്രസിലെ നിരവധി തൊഴിലാളികള്‍ക്ക് അസുഖങ്ങള്‍ പിടിപെടുന്നു. 12 മണിക്കൂറിലേറെയാണ് ഓരോ തൊഴിലാളികളും ഇപ്പോള്‍ ജോലിചെയ്യുന്നത്. 500 ന്റേയും 1000 ന്റേയും നോട്ട് പിന്‍വലിച്ചതിന് ശേഷം പുതിയ നോട്ടുകള്‍ക്ക് ആവശ്യക്കാരേറുന്നതുകൊണ്ട് തന്നെ വലിയ ജോലിഭാരമാണ് പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വന്നതെന്നും അസോസിയേഷന്റെ പ്രസിഡന്റ് ശിശിര്‍ അധികാരി പറയുന്നു.


പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ജീവനക്കാരുടെ  എണ്ണം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ജോലിസമയം ക്രമീകരിക്കാമായിരുന്നു. 12 മണിക്കൂറിലേറെ ജോലി ചെയ്യുമ്പോള്‍ തൊഴിലാളികള്‍ ക്ഷീണിതരാവുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

12 മണിക്കൂറിന്റെ രണ്ട് ഷിഫ്റ്റുകളാണ് ഇപ്പോള്‍ നടക്കുന്നത്. 96 മില്യണ്‍ നോട്ടുകളാണ് ദിവസേന അച്ചടിക്കുന്നത്. 9 മണിക്കൂര്‍ വീതം രണ്ട് ഷിഫ്റ്റുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുമ്പോള്‍ 68 മില്യണ്‍ നോട്ടുകളാണ് അച്ചടിക്കാന്‍ കഴിയുക. 28 മില്യണ്‍ നോട്ടിന്റെ കുറവ് ഇത് മൂലം ഉണ്ടാകും.


നോട്ട് ക്ഷാമം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ക്ക് മനസിലാകും. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ മുന്‍പേ തന്നെ കാണണമായിരുന്നു. ഇനിയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്രം തന്നെ പരിഹരിക്കണം. അസോസിയേഷന്‍ പ്രസിഡന്റ് അധികാരി പറയുന്നു.

സല്‍ബോനി പ്രിന്റിങ് പ്രസില്‍ 700 ജീവനക്കാരാണ് ജോലിചെയ്യുന്നത്. 10 രൂപയുടെത് മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വരെയാണ് ഇവിടെ പ്രിന്റ് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more