ബീജിങ്: ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ചൈനയിലെ ഫോക്‌സ്‌കോണിന്റെ (Foxconn) ഫാക്ടറിയില്‍ തൊഴിലാളിസമരം. സെന്‍ട്രല്‍ ചൈനയിലെ ഷെങ്ഷൗ നഗരത്തിലെ ജോങ്‌ജോ പ്രവിശ്യയിലെ ഫാക്ടറിയിലാണ് തൊഴിലാളികള്‍ വിവിധ കാരണങ്ങളാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തൊഴിലാളികളും ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരുമായുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും നിരവധി തൊഴിലാളികള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ കരാര്‍- വേതന വ്യവസ്ഥകള്‍ സംബന്ധിച്ച തര്‍ക്കങ്ങളും കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങളും കാരണമാണ് ഫാക്ടറി ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.
സമരം ചെയ്യുന്ന തൊഴിലാളികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീണ്ടതിന്റെയും പൊലീസ് ആക്രമിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ട്വിറ്റര്‍, ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോ എന്നിവയിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്.
തായ്‌വാനീസ് കമ്പനിയായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് നടത്തുന്ന ഈ ഐഫോണ്‍ ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ മാസം ആയിരക്കണക്കിന് തൊഴിലാളികള്‍ രാജിവെച്ച് പുറത്തുപോയിരുന്നു.
കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷവും സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇറങ്ങിപ്പോയത്.
ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് നിയമിച്ച പുതിയ തൊഴിലാളികളുടെ വേതന വ്യവസ്ഥയിലും നിബന്ധനകളിലും ഫോക്സ്‌കോണ്‍ കമ്പനി പിന്നീട് മാറ്റം വരുത്തിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്ന് ജീവനക്കാരിലൊരാളായ ലി സന്‍ഷന്‍ (Li Sanshan) പറഞ്ഞതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് മാസത്തെ ജോലിക്ക് 25,000 യുവാന്‍ (3,500 ഡോളര്‍) വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ടാണ് താന്‍ ഫാക്ടറിയില്‍ ജോലിക്ക് ചേര്‍ന്നതെന്നും എന്നാല്‍ 25,000 യുവാന്‍ ലഭിക്കണമെങ്കില്‍ വളരെ കുറഞ്ഞ വേതനത്തില്‍ രണ്ട് മാസം കൂടി ജോലി ചെയ്യണമെന്ന് പറഞ്ഞതായും ഇദ്ദേഹം ആരോപിച്ചു.
തൊഴിലാളികളുടെ സബ്‌സിഡി വെട്ടിക്കുറച്ചു, ആവശ്യമായ ഭക്ഷണം നല്‍കിയില്ല, കൊവിഡ് പോസിറ്റീവായവര്‍ക്കൊപ്പം കഴിയാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ചു എന്നീ ആരോപണങ്ങളും കമ്പനിക്കെതിരെ ഉയരുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആപ്പിള്‍ കമ്പനിയുടെ പ്രധാന സബ് കോണ്‍ട്രാക്ടറാണ് ഫോക്‌സ്‌കോണ്‍. ലോകത്തെ ഏറ്റവും വലിയ കോണ്‍ട്രാക്ട് ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറര്‍ കൂടിയാണ് ഇവര്‍.
Content Highlight: Workers protests at Foxconn’s largest iPhone factory in China, employees beaten by police