ജോലി ആവശ്യപ്പെട്ട് കൊറിയയില്‍ തൊഴിലാളി പ്രക്ഷോഭം, കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്ത് ഭരണകൂടം
World News
ജോലി ആവശ്യപ്പെട്ട് കൊറിയയില്‍ തൊഴിലാളി പ്രക്ഷോഭം, കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്ത് ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 4:58 pm

സിയോള്‍: ദക്ഷിണ കൊറിയയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ കേസെടുത്ത് ഭരണകൂടം. പ്രതിഷേധം സംഘടിപ്പിക്കാനായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരിലാണ് കൊറിയന്‍ തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടുവെന്നും, മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് കൊറിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (കെ.സി.ടി.യു) സിയോള്‍ നഗരത്തില്‍ പ്രതിഷേധവുമായെത്തിയത്. ആയിരത്തോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഏറെ പ്രചാരം നേടിയ ‘സ്‌ക്വിഡ് ഗെയിം’ എന്ന സീരീസിലെ കഥാപാത്രങ്ങളായി വേഷം ധരിച്ചുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധത്തിനിറങ്ങിയത്. പിങ്ക് നിറത്തിലുള്ള ജംപ് സ്യൂട്ടുകളും, മുഖം മൂടിയും ധരിച്ച് ‘കാവല്‍ക്കാരായാണ്’ ഇക്കൂട്ടര്‍ പ്രതിഷേധത്തിനെത്തിയത്.

ഡ്രം മുഴക്കിയും ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും അക്ഷരാര്‍ത്ഥത്തില്‍ സിയോള്‍ നഗരം കീഴടക്കുന്ന പ്രതിഷേധക്കാരെയാണ് വ്യാഴാഴ്ച കണ്ടത്.

അസമത്വം തകരട്ടെ, യുവാക്കള്‍ക്ക് സുരക്ഷിതമായ ജോലി എന്നീ മുദ്രാവാക്യങ്ങളെഴുതിയ കൊടികളും പ്രതിഷേധക്കാര്‍ വീശുന്നുണ്ടായിരുന്നു.

സിയോള്‍ നഗരഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരെ, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതിനും ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കെ.സി.ടി.യു വക്താവ് ഹാന്‍ സാംഗ്-ജിന്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

പോരാട്ടങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് കെ.സി.ടി.യു ഉയര്‍ന്നു വന്നതെന്നും കൊവിഡിന്റെ പേരില്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സാംഗ്-ജിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ കൂട്ടം ചേരാതെ ഒരാള്‍ക്കു മാത്രമേ രാജ്യതലസ്ഥാനത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രതിഷേധിക്കാന്‍ അനുമതിയുള്ളൂ.

രാജ്യത്ത് 1,411 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടള്ളത്. 2,709 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Workers’ Protest In South Korea Demands Job Security