ബെംഗളൂരു: തായ്‌വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെ ആക്രമണം. നാല് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സംഘം കൂട്ടത്തോടെയെത്തി ഫാക്ടറി തല്ലിത്തകര്‍ത്തത്. കല്ലേറിലും മറ്റും വലിയ നാശനഷ്ടം ഫാക്ടറിക്ക് സംഭവിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആക്രമണമെന്നും ഫര്‍ണിച്ചറുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാക്ടറിയിലെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി കമ്പനി തങ്ങള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫാക്ടറിയുടെ ജനല്‍ചില്ലുകളും വാതിലുകളും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വാഹനങ്ങളും എല്ലാം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രാവിലെ ആറ് മണിയോടെയായിരുന്നു ജീവനക്കാര്‍ ഫാക്ടറിയില്‍ എത്തിയത്. അതേസമയം ശമ്പളപ്രശ്‌നം തന്നെയാണോ അക്രമത്തിന് കാരണമെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
തൊഴിലാളികള്‍ ഇവിടെ രണ്ട് ഷിഫ്റ്റുകളിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 7000 മുതല്‍ 8,000 വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അക്രമികളെ പിരിച്ചുവിടാനായി ലാത്തിച്ചാര്‍ജ് അടക്കം നടത്തിയെന്നും പൊലീസ് പറഞ്ഞു. അതേസമയം ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം വിസ്‌ട്രോണിന്റെ ഫാക്ടറിയില്‍ നടന്ന അക്രമ സംഭവത്തെ കര്‍ണാടക സര്‍ക്കാര്‍ അപലപിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി സി.എന്‍ അശ്വത്നാരായണന്‍ പറഞ്ഞു.
നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഉചിതമായ ഫോറത്തിലൂടെ പരാതി നല്‍കുകയായിരുന്നു തൊഴിലാളികള്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക