ഉത്തര്‍പ്രദേശ്: നോട്ട് അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 8 ന് പ്രഖ്യാപനം നടത്തിയ ശേഷം യു.പിയിലെ നോയിഡയില്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്ക് കൂലിയായി കിട്ടുന്നത് അസാധുവാക്കിയ നോട്ടുകളെന്ന് പരാതി. അസാധു നോട്ടുകള്‍ ഇനി സ്വീകരിക്കില്ലെന്ന് പറഞ്ഞ തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായും തൊഴിലാളികള്‍ ആരോപിക്കുന്നു. നോയിഡയിലെ ഒരു കെട്ടിടനിര്‍മാണ ഉടമയാണ് തൊഴിലാളികള്‍ക്ക് ഇപ്പോഴും അസാധു നോട്ടുകള്‍ നല്‍കുന്നത്.
ഒക്ടോബര്‍ മാസത്തെ ശമ്പളം ലഭിക്കുന്നത് നവംബറിലാണ്. അന്ന് ലഭിച്ചത് അസാധുവാക്കിയ നോട്ടുകളായിരുന്നു. അത് ഞങ്ങള്‍ സ്വീകരിച്ചു. നവംബര്‍ മാസത്തെ ശമ്പളം ലഭിച്ചത് ഡിസംബറിലായിരുന്നു. അതും അസാധുവാക്കിയ 500 ന്റേയും 1000 ന്റേയും നോട്ടുകളായിരുന്നു. എങ്കിലും ഞങ്ങള്‍ അത് സ്വീകരിച്ചു.
ഇപ്പോള്‍ ഡിസംബര്‍ മാസത്തെ ശമ്പളം അഡ്വാന്‍സ് ആയി നല്‍കുകയാണെന്ന് പറഞ്ഞ് നല്‍കിയതും അസാധു നോട്ടുകള്‍ തന്നെയാണ്. അത് സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഞങ്ങളെല്ലാവരും തീര്‍ത്തു പറഞ്ഞു. അസാധു നോട്ട് വേണ്ടെന്നും പുതിയ നോട്ടുകള്‍ വേണമെന്നും തങ്ങള്‍ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്നായിരുന്നു ഉടമയുടെ മറുപടിയെന്നും തൊഴിലാളിയായ ഷേഷ്‌കുമാര്‍ പറയുന്നു.
തുടര്‍ന്നാണ് തൊഴിലാളികള്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി തൊഴിലുടമയെ പോലീസ് വിളിച്ചുവരുത്തി. തൊഴിലാളികള്‍ക്ക് നല്‍കാന്‍ പുതിയ നോട്ടുകള്‍ ഇല്ലെങ്കില്‍ ചെക്ക് നല്‍കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടതായി ഡി.എസ്.പി അര്‍വിന്ദ് യാദവ് പറഞ്ഞു.
നിയമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനം നടന്നെന്ന് തെളിഞ്ഞാല്‍ തൊഴിലുടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. പിരിച്ചുവിട്ട തൊഴിലാളികള്‍ ഉടമയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധപ്രകടനവും നടത്തിയിട്ടുണ്ട്.