| Sunday, 14th July 2024, 3:04 pm

ആമയിഴഞ്ചാൻ തോടില്‍ കാണാതായ ജോയിയെ കണ്ടെത്താനായില്ല; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ 27 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കലക്ടറും നഗരസഭാ സെക്രട്ടറിയും ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

ശനിയാഴ്ചയാണ് ആമയിഴഞ്ചാല്‍ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി ഒഴുക്കില്‍ പെട്ട് കാണാതായത്. തോടിൽ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ രക്ഷാ പ്രവര്‍ത്തനം പുനരാംഭിച്ചെങ്കിലും ജോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ തോട്ടില്‍ സ്‌കൂബ ഡൈവേര്‍സും എന്‍.ഡി.ആര്‍.എഫിന്റെ സംഘവും ചേർന്നാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

ജോയി ഒലിച്ച് പോയതായി കരുതുന്ന തുരങ്കത്തിലാകെ പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ സുഗമമാക്കുന്നതിന് വേണ്ടി കനാലിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനോടകം രണ്ട് മാന്‍ഹോളില്‍ പരിശോധന നടത്തിയതായി സ്കൂബ സംഘം അറിയിച്ചു. അതിനിടെ, തിരച്ചിലിനായി കൊച്ചിയില്‍ നിന്ന് നേവി എത്തുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നേരത്തെ റോബോടിക് ക്യാമറ ഉപയോഗിച്ച് തുരങ്കത്തിനുള്ളില്‍ പരിശോധന നടത്തിയിരുന്നു.

ഇതില്‍ സൂചനകള്‍ ലഭിച്ചെന്ന തരത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല.

Content Highlight: Worker swept away while cleaning Amayizhanchan canal; Human Rights Commission took the case

We use cookies to give you the best possible experience. Learn more