നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതോടെ മുതലാളിയുടെ ഒരു കോടിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ സെക്ടര്‍ 45ലാണ് സംഭവം. കാര്‍ കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്‍വീര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെന്‍സ് ഉടമയുടെ വീട്ടില്‍ ടൈല്‍സ് ജോലിക്കെത്തിയതായിരുന്നു രണ്‍വീര്‍. ജോലി പൂര്‍ത്തിയാക്കിയിട്ടും അതി സമ്പന്നനായ മുതലാളി പണം നല്‍കാതിരുന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപയാണ് യുവാവിന് ധനികനായ മുതലാളി നല്‍കാനുണ്ടായിരുന്നത്.
മാസങ്ങളോളം പണം ചോദിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നല്‍കാന്‍ ഉടമ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ രണ്‍വീര്‍ ബെന്‍സിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച വീട്ടിലെത്തിയ രണ്‍വീര്‍ പെട്രോള്‍ ഉപയോഗിച്ച് കാറിന് തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു രണ്‍വീറിന്റെ ആക്രമണം. കാറിന് തീയിട്ട ശേഷം പ്രതി തിരികെ പോകുന്നതും സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെ പരാതിയുമായി ഉടമ പൊലീസിന് സമീപിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, രണ്‍വീറിന്റെ ആരോപണങ്ങള്‍ തള്ളി കാറുടമയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
2019-2020 കാലയളവിലാണ് രണ്‍വീര്‍ ഈ വീട്ടില്‍ ടൈല്‍ ജോലി ചെയ്യുന്നത്. 12 വര്‍ഷത്തോളമായി കുടുംബത്തിന് അറിയാവുന്ന വ്യക്തിയാണ് രണ്‍വീര്‍. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു കണ്ടിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. കൊവിഡ് സമയത്ത് തന്നെ അദ്ദേഹത്തിനുള്ള രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നെന്ന് കുടുംബത്തിലെ അംഗമായ ആയുഷ് ചൗഹാന്‍ പറഞ്ഞു.
Content Highlight: Worker set boss’s benz car worth one crore on fire claiming he refused to pay for work