ലഖ്‌നൗ: ഗോരഖ്പൂരിലും ഫുല്‍പൂരിലും ബി.ജെ.പിയെ തറപറ്റിച്ച് മികച്ച വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ബി.എസ്.പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. കൈരാന ഉപതെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് തന്നെ പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിക്കെതിരെ സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അഖിലേഷ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് മായാവതിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഖ്യം തുടരുമെന്ന നിലപാടിലുറച്ച് അഖിലേഷ് രംഗത്തെത്തിയത്.
വിജയത്തില്‍ യുവാക്കളോടും തൊഴില്‍രഹിതരോടും തൊഴിലാളികളോടും സ്ത്രീകളോടും സമൂഹത്തിലെ നാനാ തുറകളിലുള്ളവരോടും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അഖിലേഷ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്.
വിജയത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ബി.എസ്.പി നേതാവ് മായാവതിയോടാണെന്ന് അഖിലേഷ് പറഞ്ഞിരുന്നു. ഗോരഖ്പൂരിലും ഫുല്‍പൂരിലും എസ്.പിയെ വിജയത്തിലെത്തിച്ചതിന്റെ കാരണം ബി.എസ്.പിയുടെ അകമഴിഞ്ഞ പിന്തുണയാണെന്നും അഖിലേഷ് പറഞ്ഞിരുന്നു.
ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍.
തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നു പോലും പാലിക്കാന്‍ യോഗി സര്‍ക്കാരിനായില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടിടത്തും എസ്.പിക്കായിരുന്നു വിജയം.
യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് ഫുല്‍പൂര്‍.