കൂടംകുളത്ത് നിര്‍മാണം പുനരാരംഭിച്ചു സമരപ്പന്തല്‍ പോലീസ് വളഞ്ഞു;സംഘര്‍ഷാന്തരീക്ഷം
India
കൂടംകുളത്ത് നിര്‍മാണം പുനരാരംഭിച്ചു സമരപ്പന്തല്‍ പോലീസ് വളഞ്ഞു;സംഘര്‍ഷാന്തരീക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2012, 11:44 am

ചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ നലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ശക്തമായ പോലീസ് കാവലിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂവായിരത്തോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പോലീസും കേന്ദ്രസേനയും ആണവനിലയത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്തു.

നിര്‍മാണ തൊഴിലാളികളെയും ശാസ്ത്രജ്ഞരെയും പോലീസ് സുരക്ഷയോടെ നിലയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പോലീസ് വളഞ്ഞു. ഇരുന്ദക്കരയിലെ സമരപ്പന്തലാണ് പോലീസ് വളഞ്ഞത്. ആണവനിലയത്തിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരില്‍ 18 പേരെ ഇന്ന് അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് കൂടംകുളത്തിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ജയലളിത അനുമതി നല്‍കിയത്. പദ്ധതിക്കെതിരെ ഇത്രയും നാള്‍ എതിര്‍ത്ത് നിന്നിരുന്ന ജയലളിത നിലപാടില്‍ നിന്ന് മലക്കംമറിയുകയായിരുന്നു. ആണവനിലയത്തിനടുത്തുള്ള ശങ്കരന്‍കോയില്‍ ഉപതിരഞ്ഞെടുപ്പായിരുന്നു ജയലളിതയ്ക്ക് തീരുമാനമെടുക്കാന്‍ തടസ്സമായി നിലനിന്നത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ജയലളിത നിലപാട് വ്യക്തമാക്കുകയായിരുന്നു.

500 കോടിയുടെ വികസന പദ്ധതി പ്രദേശവാസികള്‍ക്ക് വാഗ്ദാനം നല്‍കിയാണ് ജയലളിത തന്നെ പ്രസ്താവന പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ നിലപാട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ സമരസമിതി പ്രവര്‍ത്തകരായ 19 പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

തമിഴ്‌നാട് അഡീഷണല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ആറായിരം സായുധ പോലീസുകാര്‍, മൂന്ന് ഡി.ഐ.ജിമാര്‍, ഇരുപത് എസ്.പിമാര്‍ എന്നിവര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സമരത്തെ പൊളിക്കാന്‍ രംഗത്തുണ്ട്. കൂടംകുളത്തേക്ക് നീളുന്ന എല്ലാറോഡുകളും, ചെക്ക് പോസ്റ്റുകളും എസ്.പിമാരുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞുവെച്ചിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ദൂരെ നിന്നുതന്നെ തടയുകയാണ് ഇവരുടെ ദൗത്യം. ഇതിനെ മറികടക്കാന്‍ ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. “നാട്ടുകാരുടെ ആശങ്കയകറ്റും , പ്രദേശവാസികളുമായി ചര്‍ച്ച നടത്തും തുടങ്ങിയ സ്ഥിരം പല്ലവികളാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ പത്രക്കുറിപ്പില്‍ പറയുന്നത്. ശങ്കരന്‍കോവില്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് കഴിഞ്ഞതോടെ സര്‍ക്കാരിന്റെ തനി സ്വരൂപം പുറത്തുവന്നു.

എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവനിലയത്തെയും അതുവഴിയുണ്ടാവുന്ന ” രാജ്യപുരോഗതി”യെയും പെരുപ്പിച്ച് കാട്ടി വാര്‍ത്തകള്‍ ചമക്കുന്നു. ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയലളിതയ്ക്ക് നന്ദി പറഞ്ഞുകഴിഞ്ഞു. തങ്ങളുടെ വീട്ടുമുറ്റത്ത് ആണവനിലയം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള, അതിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

Malayalam news

Kerala news in English