| Sunday, 13th December 2020, 8:47 am

ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പത്ത് വര്‍ഷം നിര്‍ബന്ധ സേവനം; വിസമ്മതിച്ചാല്‍ ഒരു കോടി പിഴ;പുതിയ നിര്‍ദേശവുമായി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തു വര്‍ഷം നിര്‍ബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

അല്ലാത്ത പക്ഷം ഒരു കോടി രൂപ പിഴ ഒടുക്കണമെന്നാണ് ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ സെപ്ഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം നികത്താനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് ആരോഗ്യമേഖലയിലെ പാളിച്ചകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ആശുപത്രികളില സൗകര്യക്കുറവും ചികിത്സിക്കാന്‍ ഡോക്ടര്‍മാരുമില്ലാത്തത് കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം പുതിയ നിരവധി തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നിലവില്‍ ഗ്രാമീണമേഖലയിലെ ആശുപത്രികളില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി.ജി പരീക്ഷയില്‍ ഇളവുകള്‍ ലഭിക്കുമെന്ന് യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യു.പിയിലെ ഉള്‍ഗ്രാമങ്ങളില്‍ ചികിത്സാ സംവിധാനങ്ങളിലെക്കുറവ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ പി.ജി കഴിഞ്ഞുവരുന്ന ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നിഷേധിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. പിഴയൊടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതമായി യു.പിയില്‍ തന്നെ തുടരേണ്ട സ്ഥിതിയാണ് ഉണ്ടാവുക എന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് വിമര്‍ശിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Work in public sector for at least 10 years or pay Rs 1 crore, UP govt tells PG medical students

We use cookies to give you the best possible experience. Learn more