| Tuesday, 17th January 2023, 4:11 pm

കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടിക്കഷ്ണം; റോഡ് നിര്‍മാണം നാട്ടുകാര്‍ തടസപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധം. പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്ത് പരിധിയിലാണ് സംഭവം നടന്നത്.

റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച തൂണുകളുടെ ഉള്ളിലാണ് കമ്പിക്ക് പകരം തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചത്. ഇതോടെ റോഡ് നിര്‍മാണം നാട്ടുകാര്‍ തടസപ്പെടുത്തി.

‘ഇതൊരു ശാസ്ത്രീയമായ നിര്‍മാണമാണെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ അത് പ്രദേശവാസികളെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയാണ് ഞങ്ങള്‍ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്,’ പ്രദേശവാസികള്‍ പറഞ്ഞു.

‘റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി നിര്‍മാണ ചെലവ് വരുന്ന റോഡാണിത്. നേരത്തെയുണ്ടായിരുന്ന നിര്‍മാണ രീതികളില്‍ നിന്ന് വ്യത്യസ്തമായി ബലക്ഷയമുണ്ടാകുന്ന രീതിയിലാണിത് ചെയ്തിരിക്കുന്നത്.

ഭീമിന്റെ ഉള്‍വശത്ത് കമ്പിക്ക് പകരം തടിയാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്,’ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, റോഡിന്റെ കരാറില്‍ പ്ലെയിന്‍ കോണ്‍ക്രീറ്റ് ഭീമുകളാണ് നിര്‍മാണത്തിന് ഉപയോഗിക്കേണ്ടതെന്നാണ് റീബില്‍ഡ് കേരള എഞ്ചിനീയറും കരാറുകാരനും പറയുന്നത്. പക്ഷേ തടിക്കഷ്ണം ഉപയോഗിച്ചതിന് വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.

Content Highlight: Wood instead of Iron rod in concrete beam; The locals obstructed the construction of the road

We use cookies to give you the best possible experience. Learn more