| Wednesday, 29th May 2019, 9:11 pm

'സിനിമാ മേഖലയില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്'; മീടൂ മൂവ്‌മെന്റിന് ഒപ്പമെന്ന്‌ സെല്‍വരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലൈംഗീക പീഡകര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രം എന്‍.ജി.കെയുടെ സംവിധായകന്‍ സെല്‍വരാഘവന്‍. എവിടേക്ക് തിരിഞ്ഞ് നോക്കിയാലും സ്ത്രീ അക്രമിക്കപ്പെടുന്നത് കാണാം. സിനിമയിലിത് വളരെ കൂടുതലാണ്. അത് നേരിട്ട് കണ്ടിട്ടുണ്ട്. ഇത്തരം അക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയുന്നത് നല്ല കാര്യമാണെന്നും സെല്‍വരാഘവന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗീക അക്രമണങ്ങളെ തുറന്നു പറഞ്ഞ മീടൂ മൂവ്‌മെന്റിനെ പിന്തുണക്കുകയാണെന്നും സെല്‍വരാഘവന്‍ വ്യക്തമാക്കി. ‘മീടൂ മൂവ്മെന്റ് നല്ല കാര്യമാണ്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം അക്രമങ്ങള്‍ സംഭവിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ അനിവാര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം തുറന്നുപറച്ചിലുകള്‍ സാധ്യമാകുമ്പോഴാണ് അവര്‍ എന്തെല്ലാം കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നുവെന്ന് മനസിലാകുന്നത്. ഭര്‍ത്താക്കന്മാരെയും സമൂഹത്തെയും ഇവര്‍ ഭയക്കുന്നു. പക്ഷേ അവര്‍ മുന്നോട്ട് വരണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ കൂടിയാണ്. ചിത്രങ്ങളെടുക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദ ന്യൂസ് മിനുട്ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സെല്‍വരാഘവന്‍ നിലപാട് വ്യക്തമാക്കിയത്.

‘നമ്മള്‍, സംവിധായകരും സമൂഹത്തിന്റെ ഭാഗമാണ്. സിനിമയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്ന ധാരാളം പേരുണ്ടിവിടെ. എന്‍.ജി.കെയില്‍ സൂര്യയുടെ നായക കഥാപാത്രം കള്ളുകുടിക്കുകയോ പുക വലിക്കുകയോ ചെയ്യുന്നില്ല. നായകന്‍ സിഗരറ്റ് വലിക്കാന്‍ പാടില്ല എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. അക്കാര്യമേ അല്ല സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍, എല്ലാ സംവിധായകരും അവരുടെ ചിത്രത്തില്‍ ഉത്തരവാദിത്വമെടുക്കേണ്ടതുണ്ട്’ സെല്‍വരാഘവന്‍ പറയുന്നു.

നേരത്തെ, ഒമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ചെയ്ത ‘മയക്കം എന്ന’ എന്ന തന്റെ ചിത്രത്തിലെ ‘അടിടാ അവളെ’ എന്ന ഗാനത്തിലെ വരികള്‍ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും അതിന് മാപ്പു ചോദിക്കുന്നുവെന്നും സെല്‍വരാഘവന്‍ പറഞ്ഞിരുന്നു. സെല്‍വരാഘവന്റെ സഹോദരന്‍ കൂടിയായ ധനുഷ് നായകനായാണ് ‘മയക്കം എന്ന’ പുറത്തിറങ്ങിയത്. ആ ഗാനത്തിന്റെ വരികളെഴുതിയത് ധനുഷായിരുന്നു.

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകനാണ് സെല്‍വരാഘവന്‍. 2013 ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഉലകം’ ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

We use cookies to give you the best possible experience. Learn more