| Tuesday, 30th May 2023, 4:33 pm

ഗംഗയില്‍ സ്വര്‍ണവും വെള്ളിയും ചാരവുമെല്ലാം ഒഴുക്കാറുണ്ട്; താരങ്ങള്‍ക്ക് മെഡലുകള്‍ ഒഴുക്കാം, തടയില്ല; ഹരിദ്വാര്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളെ തടയില്ലെന്ന് വ്യക്തമാക്കി ഹരിദ്വാര്‍ പൊലീസ്. ജില്ലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും മെഡലുകള്‍ ഗംഗയില്‍ എറിയുന്നതില്‍ നിന്നും താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ എസ്.എസ്.പി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗംഗയില്‍ അവരുടെ മെഡലുകള്‍ എറിയാനാണ് അവര്‍ വരുന്നതെങ്കില്‍, ഞങ്ങള്‍ അവരെ തടയില്ല. അത്തരം നിര്‍ദേശങ്ങളൊന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിട്ടില്ല,’ എസ്.എസ്.പി അജയ് സിങ് പറഞ്ഞു.

ആളുകള്‍ സ്വര്‍ണവും വെള്ളിയും ചാരവുമെല്ലാം ഗംഗയില്‍ ഒഴുക്കാറുണ്ടെന്നും താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ ഒഴുക്കണമെങ്കില്‍ ഒഴുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗംഗ ദസറയോട് അനുബന്ധിച്ച് 15 ലക്ഷത്തോളം ആളുകള്‍ ഗംഗാ സ്‌നാനം ചെയ്യാന്‍ ഹരിദ്വാറില്‍ എത്താറുണ്ടെന്നും, താരങ്ങള്‍ക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരക്കാര്‍ക്കെതിരായ പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്നും താരങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, സംഗീത ഫോഗട്ട് എന്നിവരാണ് തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഈ വിവരം അറിയിച്ചത്. തങ്ങള്‍ ജീവനെ പോലെ കരുതുന്ന മെഡലുകള്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് ഗംഗാ നദിയില്‍ എറിയുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

‘ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ആത്മാവാണിത്. ഇവ ഗംഗയിലെറിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ജീവന് വലിയ വിലയൊന്നുമില്ല. അതിനാല്‍ മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം ഇരിക്കാനാണ് തീരുമാനം,’ ഹിന്ദിയിലെഴുതിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.

ഞങ്ങള്‍ മെഡലുകള്‍ ഗംഗാ നദിയിലെറിയാന്‍ പോവുകയാണ്. ഗംഗ എത്ര പവിത്രമാണോ, അത്രയും പവിത്രമാണ് കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ നേടിയെടുത്ത മെഡലുകളും. രാജ്യത്തിന് മുഴുവന്‍ വിലപ്പെട്ട ഈ മെഡലുകള്‍ ഏറ്റുവാങ്ങാന്‍ അര്‍ഹതയുള്ളത് ഗംഗയ്ക്ക് മാത്രമാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ സമരം ചെയ്യുകയാണ്.

CONTENTHIGHLIGHT: wont stop wrestlers from immerse medal in ganga: haridwar police

We use cookies to give you the best possible experience. Learn more