'ഹിറ്റ്‌ലര്‍ മരിച്ചുവെന്നത് വ്യക്തമാണ്; മഹാരാഷ്ട്രയ്ക്ക് ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ല'; ബി.ജെ.പിയില്‍ നിന്ന് അകന്നുതന്നെയെന്ന സൂചനയുമായി ഉദ്ധവ് താക്കറെ
national news
'ഹിറ്റ്‌ലര്‍ മരിച്ചുവെന്നത് വ്യക്തമാണ്; മഹാരാഷ്ട്രയ്ക്ക് ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ല'; ബി.ജെ.പിയില്‍ നിന്ന് അകന്നുതന്നെയെന്ന സൂചനയുമായി ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 10:31 am

മുംബൈ: ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഒന്നര ദിവസം മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍. ശിവസേനാ എം.എല്‍.എമാരെ ഇന്നുച്ചയ്ക്ക് 12.30-ക്കു കാണാന്‍ സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചു. ഈ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായ തീരുമാനമുണ്ടാകുമെന്നാണു സൂചന.

അതേസമയം ബി.ജെ.പിയോടുള്ള സമീപനത്തില്‍ തങ്ങള്‍ക്കു മാറ്റം വന്നിട്ടില്ലെന്നു വ്യക്തമാക്കി അദ്ദേഹം അവരെ രൂക്ഷമായി വിമര്‍ശിച്ചു. കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനോടു സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദല്‍ഹിയിലെ തെരുവുകളിലേക്ക് പൊലീസിറങ്ങിയിരിക്കുന്നു. കഴിഞ്ഞ 72 മണിക്കൂറായി ദല്‍ഹിയില്‍ ക്രമസമാധാനമില്ല. ദല്‍ഹിയിലെപ്പോലെ മഹാരാഷ്ട്രയും മലിനമാക്കരുത്.’- അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയ്ക്ക് ഒരു ബി.ജെ.പി മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും ശരദ് പവാര്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു വേറെ മാര്‍ഗമില്ലെന്നും താക്കറെ ബി.ജെ.പിയോടു പറഞ്ഞു. ‘നിങ്ങള്‍ മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ്. ഹിറ്റ്‌ലര്‍ മരിച്ചുവെന്നതു വ്യക്തമാണ്.’- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എന്തായാലും ശിവസേനയില്‍ നിന്നു തന്നെയായിരിക്കുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത്തും ഇന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു രാവിലെ മലാഡിലെ റിട്രീറ്റ് ഹോട്ടലിലേക്ക് സേനാ എം.എല്‍.എമാരെ മാറ്റിയിരുന്നു. ഇവിടെവെച്ചാണ് താക്കറെ കൂടിക്കാഴ്ച നടത്തുക.

ഇന്ന് ബി.ജെ.പിയും തങ്ങളുടെ കോര്‍ കമ്മിറ്റി യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിലാവും ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക. അതേസമയം രാജസ്ഥാനിലെ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാരോപിച്ചാണ് ഈ നീക്കം.

സേനയെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ അല്‍പ്പം മുന്‍പു രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയെ പുറത്താക്കാന്‍ എല്ലാ വഴിയും തേടുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു. ‘എന്‍.ഡി.എ പിളര്‍ന്നുകഴിഞ്ഞു. പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാം. ഇത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ പ്രശ്നം. സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും.’- ചവാന്‍ വ്യക്തമാക്കി.