|

മുസ്‌ലിംങ്ങള്‍ക്കും ഹിലരി അനുകൂലികള്‍ക്കും ഇവിടെ വില്‍പ്പനയില്ല; അമേരിക്കയിലെ തോക്കുകട പരസ്യം വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിംങ്ങള്‍ക്കും ഹിലരി ക്ലിന്റനെ അനുകൂലിക്കുന്നവര്‍ക്കും വില്‍പ്പനയില്ലെന്ന വാചകമാണ് പരസ്യത്തെ വിവാദമാക്കിയത്. കൂടാതെ ഭീകരവാദികളുമായുള്ള വില്‍പ്പനയില്‍ തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന ന്യായവും ഇതിനൊപ്പമുണ്ട്.


ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയക്കടുത്ത് ഒരു തോക്കുകടക്കാരന്‍ തന്റെ കടയ്ക്കു മുന്നില്‍ തൂക്കിയ പരസ്യം വിവാദമാകുന്നു. ഒരു പ്രാദേശിക വര്‍ത്തമാനപത്രത്തിലാണ് പരസ്യം വന്നിട്ടുള്ളത്.

മുസ്‌ലിംങ്ങള്‍ക്കും ഹിലരി ക്ലിന്റനെ അനുകൂലിക്കുന്നവര്‍ക്കും വില്‍പ്പനയില്ലെന്ന വാചകമാണ് പരസ്യത്തെ വിവാദമാക്കിയത്. കൂടാതെ ഭീകരവാദികളുമായുള്ള വില്‍പ്പനയില്‍ തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന ന്യായവും ഇതിനൊപ്പമുണ്ട്.

പെന്‍സില്‍വാനിയക്കടുത്ത് ജാക്‌സണ്‍ സെന്ററിലെ അള്‍ട്രാ ഫയര്‍ആംസ് കടയുടമ പോള്‍ ചാന്റ്‌ലര്‍ ആണ് പരസ്യത്തിന് പിന്നില്‍. ഹിലരി ക്ലിന്റന്‍ പ്രസിഡന്റാവുന്നതിനെ അനുകൂലിക്കുന്നവരെയും മുസ്‌ലിംങ്ങളെയും താന്‍ കടയില്‍ നിന്ന് തിരിച്ചയക്കുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

മുസ്‌ലിംങ്ങള്‍ക്ക് തോക്കുവില്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പോള്‍ പറയുന്നു. അവര്‍ അമേരിക്ക നശിപ്പിക്കും. അമേരിക്കയുടെ ജീവിതരീതി നശിപ്പിക്കുകയാണ് മുസ്‌ലിംങ്ങളുടെ ലക്ഷ്യമെന്നാണ് പോളിന്റെ വാദം.

അമേരിക്കക്കാര്‍ തോക്ക് കൈവശം വയ്ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണെന്ന ഹിലരി ക്ലിന്റന്റെ പ്രസ്താവനയാണ് പോളിനെ ഇത്തരത്തിലൊരു പരസ്യം നല്‍കാന്‍ പ്രേരിപ്പിച്ചത്.

നിലപാടനുസരിച്ച് ആദ്യം ഒരു തോക്ക് അവര്‍ പുറത്തെറിയും, പിന്നെ അടുത്തത്, അതിന് ശേഷം മറ്റൊന്ന്. അങ്ങനെ പിന്നെയിവിടെ തോക്കുകള്‍ ഇല്ലാതെയാകും. അവരെ പിന്തുണയ്ക്കുന്നവര്‍ക്ക് പിന്നെ താനെന്തിന് തോക്ക് വില്‍ക്കണമെന്നാണ് പോളിന്റെ ചോദ്യം.