പെട്രോളിയം പദ്ധതിക്കു വേണ്ടി കണ്ടങ്കാളി വയല്‍ നികത്താന്‍ അനുവദിക്കില്ല: പെണ്ണൊരുമ സമര സംഗമം
Kerala News
പെട്രോളിയം പദ്ധതിക്കു വേണ്ടി കണ്ടങ്കാളി വയല്‍ നികത്താന്‍ അനുവദിക്കില്ല: പെണ്ണൊരുമ സമര സംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 7:26 pm

പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ 100 ഏക്കര്‍ നെല്‍വയല്‍ പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടു കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ടങ്കാളി തലോത്ത് വയലില്‍ സ്ത്രീകളുടെ സമര കൂട്ടായ്മ “പെണ്ണൊരുമ”. വായുവും വെള്ളവുമില്ലാതാക്കി വികസനമെന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ പദ്ധതികള്‍ അടിച്ചേല്‍പിക്കുന്ന സര്‍ക്കാരുകളെ തിരുത്താന്‍ ജനങ്ങള്‍ സംഘടിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു.

ജനാധിപത്യ ഇന്ത്യയില്‍ എല്ലാം ജനങ്ങള്‍ക്കെതിരാവുകയാണ്. പ്രകൃതി ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അധികാരികള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. പ്രാഥമിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും ജനകീയ പോരാട്ടം അനിവാര്യമായ കാലമാണിതെന്നും ദയാബായി പറഞ്ഞു.

എണ്ണക്കമ്പനികളുടെയും ഭൂമി കച്ചവടക്കാരുടെയും താല്‍പര്യമനുസരിച്ച് കണ്ടങ്കാളി പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ സാമൂഹ്യ ആഘാത പീനവും നിയമവിരുദ്ധമായി നടത്തിയ ഹിയറിംഗും തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുമെല്ലാം വെറും പ്രഹസനമാണെന്ന് സമരസമിതി ചെയര്‍മാന്‍ ടി.പി. പദ്മനാഭന്‍ പറഞ്ഞു. കണ്ടങ്കാളി വയല്‍ എണ്ണ പദ്ധതിക്കനുയോജ്യമാണെന്ന കളള പ്രചരണങ്ങളെ ശക്തമായി ചെറുത്തു തോല്‍പിക്കണമെന്നും പദ്മനാഭന്‍ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും തങ്ങളുടെ ഭാവിയെയാണ് അപകടപ്പെടുത്തുന്നത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോക വ്യാപകമായി പടരുന്ന കുട്ടികളുടെ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് കണങ്കാളി വയലും പുഴയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുഴയില്‍ കുട്ടികള്‍ ജലാര്‍ച്ചന നടത്തി.

സമര സംഗമത്തില്‍ എം. സുല്‍ഫത്ത് അധ്യക്ഷത വഹിച്ചു. പദ്മിനി കണ്ടങ്കാളി, മുനീസ അമ്പലത്തറ, സീതാ ദേവി കരിയാട്ട്, ടി.പി.പദ്മനാഭന്‍ മാസ്റ്റര്‍, ഡോ. ഡി.സുരേന്ദ്രനാഥ്, അപ്പുക്കുട്ടന്‍ കരയില്‍ എന്നിവര്‍ പങ്കെടുത്തു.