കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോളില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട മകന്റെ ഘാതകരെ നേരിട്ട് കാണാത്തതിനാല്‍ ആരുടെയും പേര് പറയുന്നില്ലെന്ന് കൊലപ്പെട്ട സിബ്ദുള്ള റാഷിദിയുടെ പിതാവും പള്ളി ഇമാമുമായ ഇംദാദുല്‍ റാഷിദി.
“കൊലപാതകം നേരിട്ട് കാണാത്തതിനാല്‍ ആരുടെ പേരിലും സംശയമുന്നയിക്കില്ല. നിരപരാധികളായവര്‍ കുഴപ്പത്തിലാകരുത്. കുറ്റക്കാര്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ” ഇംദാദുല്‍ റാഷിദി പറഞ്ഞു.
അസന്‍സോളില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി എം.പിമാര്‍ തന്നെ കാണാന്‍ വരാത്തതില്‍ ദുഖമൊന്നുമില്ലെന്നും അതവരുടെ കാര്യമാണെന്നും ഇമാം പറഞ്ഞു. തന്നെ കാണാന്‍ വന്നാല്‍ അവരെ കാണും, പക്ഷെ ഇത്തരം സന്ദര്‍ശനങ്ങളുടെ പേരില്‍ രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും റാഷിദി പറഞ്ഞു.
അസന്‍സോളില്‍ രാം നവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. മകന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സമാധാനം പാലിക്കാന്‍ ഇംദാദുല്‍ റാഷിദി ആഹ്വാനം ചെയ്തിരുന്നു.
ക്ഷമയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും ഇനിയൊരു സംഘര്‍ഷമുണ്ടായാല്‍ പള്ളിയും നാടും ഉപേക്ഷിച്ച് പോകുമെന്നും ഇംദാദുല്‍ റാഷിദി പറഞ്ഞിരുന്നു. അസന്‍സോളിലെ നൂറാനി പള്ളിയിലെ ഇമാമാണ് മൗലാനാ ഇംദാദുല്‍ റാഷിദി.