ലക്‌നൗ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2022 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ പാര്‍ട്ടി സമ്മേളനത്തിലാണ് അഖിലേഷിന്റെ പരാമര്‍ശം.
അതേസമയം പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ മുഖ്യധാരാ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മായാവതിയുടെ ബി.എസ്.പിയുമായോ, കോണ്‍ഗ്രസുമായോ യാതൊരു തരത്തിലും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടില്ലെന്നും അഖിലേഷ് പറഞ്ഞു.
തന്റെ അമ്മാവന്‍ കൂടിയായ ശിവപാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടിയുമായി ഒരു തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ ആ പാര്‍ട്ടിയുമായി യോജിച്ചുപോകുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ജസ്വന്ത് നഗര്‍ അദ്ദേഹത്തിന്റെ(ശിവ്പാല്‍ യാദവ്) സീറ്റാണ്. ഞങ്ങള്‍ ആ സീറ്റ് അദ്ദേഹത്തിനായി ഒഴിച്ചിട്ടിരിക്കുകയാണ്. വരും നാളുകളില്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഒരു കാബിനറ്റ് മന്ത്രിയെ ഞങ്ങള്‍ തെരഞ്ഞെടുക്കും- അഖിലേഷ് പറഞ്ഞു.
2022 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
ബി.ജെ.പിയുടെ വഞ്ചനയുടെ മുഖമാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തെ പരാജയപ്പെടുത്താന്‍ അവര്‍ എല്ലാ ചതിപ്രയോഗങ്ങളും നടത്തിയെന്നും അഖിലേഷ് ആരോപിച്ചു.
മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ പരമാവധി ജനപിന്തുണ ലഭിച്ചിരുന്നു. എക്‌സിറ്റ് പോള്‍ സര്‍വ്വേകളും അവര്‍ക്ക് അനുകൂലമായിരുന്നു. പക്ഷെ വോട്ടെണ്ണലിനായി ഇ.വി.എം തുറന്നപ്പോള്‍ ഫലങ്ങള്‍ വിപരീതമായിരുന്നു- അഖിലേഷ് പറഞ്ഞു.
അതേസമയം യുപിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന് കാരണവും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, പൊലീസ് സൂപ്രണ്ടും, മജിസ്‌ട്രേറ്റും ചേര്‍ന്നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ ആര്‍ക്കാണ് വിജയിക്കാന്‍ കഴിയുകയെന്നാണ് അഖിലേഷ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Akhilesh Yadav On Up Assembly Election