| Saturday, 27th January 2018, 1:28 pm

കയ്യില്‍ പണമുള്ളവര്‍ക്ക് അനുകൂലമായ വിധി നേടാം; സുപ്രീം കോടതിയുടെ തീരുമാനം ഞങ്ങള്‍ക്കാവശ്യമില്ലെന്ന് കര്‍ണിസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പത്മാവത് എന്ന ചിത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി തീരുമാനം അംഗീകരിക്കില്ലെന്ന് കര്‍ണിസേന. സുപ്രീം കോടതിയല്ല കേന്ദ്രസര്‍ക്കാറാണ് ഈ ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കര്‍ണി സേന നേതാവ് മഹിപാല്‍ സിങ് മക്രന ഹാഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

“സുപ്രീം കോടതി തീരുമാനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. തേഡ് പാര്‍ട്ടി ആരോ പോയതാണ്. ആ തീരുമാനം ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കയ്യില്‍ പണമുള്ളവര്‍ക്ക് അവര്‍ക്ക് അനുകൂലമായ വിധി ലഭിക്കും.

സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ പുറത്തുവന്ന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടതിയെ സംരക്ഷിക്കൂവെന്ന് ജഡ്ജിമാര്‍ തന്നെ ആവശ്യപ്പെടുകയാണ്. ജഡ്ജിമാര്‍ തന്നെ ഭയക്കുന്ന ഈ സുപ്രീം കോടതിയുടെ കാര്യത്തില്‍ നമ്മള്‍ എന്തു ചെയ്യാന്‍? ” അദ്ദേഹം പറഞ്ഞു.

പത്മാവത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നെന്നും അവരാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

“ആദ്യം ദിനം മുതല്‍ തന്നെ ഞങ്ങള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാറില്‍ പരാതിപ്പെട്ടിരുന്നു. മോദി അത് നിരോധിക്കണമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലായിരുന്നു എല്ലാം.”

“ജനങ്ങള്‍ക്കു മുകളിലല്ല സുപ്രീം കോടതി. ഒരുഭാഗം മാത്രം കേട്ട് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അത് ശരിയല്ല. സുപ്രീം കോടതിയുടെ തീരുമാനമുണ്ടായിട്ടും ജനങ്ങള്‍ തെരുവിലിറങ്ങി. ” മഹിപാല്‍ സിങ് പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം തകര്‍ക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് ജഡ്ജിമാര്‍ പറയുന്നു. തങ്ങള്‍ക്കുമുണ്ട് സ്വാതന്ത്ര്യം. നികുതി ദായകരായ ഇന്ത്യന്‍ പൗരന്മാരാണ്. അല്ലാതെ റോഹിംഗ്യകളോ, പാകിസ്ഥാനികളോ ബംഗ്ലാദേശികളോ അല്ലെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more